ശക്തികുളങ്ങര ഹാർബറിൽ 52കാരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; പ്രതി അറസ്റ്റിൽ

കൊല്ലം ശക്തികുളങ്ങര ഹാർബറിൽ 52കാരനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. മുൻവിരോധത്തെ തുടർന്നാണ് കൊലപ്പെടുത്താൻ ശ്രമം എന്നാണ് വിവരം. ശക്തികുളങ്ങര കാവനാട് കന്നിമേൽച്ചേരി കള്ളാട്ട് വടക്കേത്തറ വീട്ടിൽ ബിജു (56) ആണ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്.
സെപ്തംബർ 22ന് പുലർച്ചെ 12.30 ഓടെ ശക്തികുളങ്ങര ഹാർബറിൽ വെച്ച് മുൻ വിരോധത്തെ തുടർന്ന് 52കാരനും പ്രതിയും തമ്മിൽ വാക്കു തർക്കമുണ്ടാവുകയും തുടർന്ന് പ്രതി കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഇയാളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
ആക്രമണത്തിൽ 52 കാരന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി പരുക്കുകൾ സംഭവിച്ചു. സംഭവവിവരമറിഞ്ഞ് അന്വേഷണം ആരംഭിച്ച ശക്തികുളങ്ങര പൊലീസ് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടുകയായിരുന്നു. കൊല്ലം വെസ്റ്റ് സർക്കിൾ ഇൻസ്പെക്ടർ വിപിന്റെ നിർദ്ദേശാനുസരണം ശക്തികുളങ്ങര എസ്.എച്ച്.ഒ അനീഷ് കുമാറിന്റെ നേതൃത്വത്തിൽ എ.എസ്.ഐ മാരായ ശ്രീകുമാർ, സുമാഭായി, എസ്.സി.പി.ഒ സതീഷ്, സി.പി.ഓ കിഷോർമോൻ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.




