ജോലിക്കായി വിളിച്ചു, മയക്കുമരുന്നു നൽകി ലൈംഗികാതിക്രമം; അതിക്രമത്തിനിടെ ബോധം തിരിച്ചു കിട്ടിയ യുവതി കണ്ടത് പീഡനദൃശ്യം
ന്യൂഡൽഹിയിൽ ജോലി വാഗ്ദാനം ചെയ്ത് 41 കാരിയായ സ്ത്രീയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചതായി റിപ്പോർട്ട്. കിഴക്കൻ ഡൽഹിയിലെ മാണ്ഡവലി പ്രദേശത്താണ് കേസിനാസ്‌പദമായ സംഭവം നടന്നത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി ഡൽഹി പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
ലക്ഷ്മി നഗർ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. ഗണേഷ് നഗർ സ്വദേശിയായ ദീപക് ബൻസാൽ ആണ് കേസിലെ പ്രതി. രണ്ടു വർഷം മുൻപാണ് ദീപക് ബൻസാലിനെ യുവതി പരിചയപ്പെട്ടത്. ജോലി കാര്യങ്ങൾ സംസാരിക്കാനെന്ന വ്യാജേന മാർച്ച് 4നാണ് ദീപക് യുവതിയെ വിളിച്ചുവരുത്തിയത്. ജോലി പ്രതീക്ഷിച്ചെത്തിയ യുവതിക്ക് മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി ബോധരഹിതയാക്കിയ ശേഷം പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
ബോധം തിരിച്ചുകിട്ടിയ യുവതി അതിക്രമത്തെ എതിർത്തപ്പോൾ, പീഡനരംഗങ്ങൾ അടങ്ങിയ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി. പിന്നാലെ യുവതിയുടെ സ്വർണ വളകളും മോതിരവും മാലയും ഇയാൾ കവരുകയായിരുന്നു. പൊലീസിൽ വിവരമറിയിച്ചാൽ ആസിഡ് ആക്രമണം നടത്തുമെന്നും, തനിക്ക് പൊലീസിൽ സ്വാധീനമുണ്ടെന്നും പറഞ്ഞ് പ്രതി യുവതിയെ പേടിപ്പിച്ചു നിർത്തി.
ഭയം കാരണം മാസങ്ങളോളം സംഭവം പുറത്തുപറയാതിരുന്ന യുവതി, പ്രതിയുടെ ഭാഗത്തുനിന്ന് തുടർച്ചയായി ഉപദ്രവമുണ്ടായതോടെയാണ് ഒടുവിൽ പൊലീസിനെ സമീപിച്ചത്.
സെപ്റ്റംബർ 22-ന് മാണ്ഡവലി പൊലീസ് സ്‌റ്റേഷനിൽ ദീപക് ബൻസാലിനെതിരെ കേസെടുത്തു. പ്രതിയെ പിടികൂടാൻ വിവിധ സംഘങ്ങൾ രൂപീകരിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.



