പൊലീസിന്റെ പ്രഭാതകർമ്മ നിർവ്വഹണം തുടരട്ടെ, റിപ്പോർട്ടറിൻ്റെ ഗ്രാഫ് ഉയർന്നുതന്നെ നിൽക്കും: കെ ടി ജലീൽ

മലപ്പുറം: റിപ്പോര്‍ട്ടര്‍ ടിവിയുടെ ന്യൂസ് ഡെസ്‌ക്കിലെ പൊലീസ് അതിക്രമത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രിയും സിപിഐഎം നേതാവുമായ കെ ടി ജലീല്‍. നാദാപുരത്ത് ലീഗ് രണ്ടായി പിളര്‍ന്ന കാലത്ത് ഉണ്ടായ ഒരു സംഭവവുമായി ചേര്‍ത്തുവെച്ചാണ് കെ ടി ജലീല്‍ റിപ്പോർട്ടറിനെതിരായ പൊലീസ് അതിക്രമ വിഷയത്തിൽ പ്രതികരിച്ചത് ‘അവസാനം യൂണിയന്‍ ലീഗ് എടുത്ത നാദാപുരം പണി തന്നെ സതീശന്‍ സര്‍ക്കാര്‍ പുറത്തെടുത്തു. റിപ്പോര്‍ട്ടറിന് മുന്നില്‍ പൊലീസുകാരെക്കൊണ്ട് പ്രഭാതകര്‍മ്മം നിര്‍വഹിപ്പിക്കുക’ എന്നായിരുന്നു ജലീല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്.
‘റിപ്പോര്‍ട്ടറിന് മുന്നിലെ പൂക്കികളുടെ പ്രഭാതകര്‍മ്മസേവ’ എന്ന തലക്കെട്ടോടെയാണ് ജലീല്‍ കുറിപ്പ് പങ്കുവെച്ചത്. ലീഗ് രണ്ടായി പിളര്‍ന്ന കാലത്ത് യൂണിയന്‍ ലീഗിനായിരുന്നു ആള്‍ബലമെന്നും ആദര്‍ശ പ്രതിബദ്ധതയുള്ളവര്‍ അഖിലേന്ത്യാ ലീഗിനൊപ്പം അണിനിരന്നുവെന്നും ജലീല്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റുകാര്‍ നയിച്ച ഇടത് മുന്നണിയില്‍ ചേര്‍ന്ന അഖിലേന്ത്യാ ലീഗിനെ യൂണിയന്‍ ലീഗുകാര്‍ വിളിച്ചത് ‘വിമതലീഗ്’ എന്നായിരുന്നു. ഉപ്പയുടെ തുണിക്കടയില്‍ ടെയ്‌ലറായി ജോലി ചെയ്തിരുന്ന ബാവാക്ക ‘വിമതനായിരുന്നു’. അദ്ദേഹം പറഞ്ഞ ഒരു സംഭവമാണ് റിപ്പോര്‍ട്ടര്‍ ടിവിയുടെ എം ഡി ആന്റോ അഗസ്റ്റിനെ മദ്യക്കേസില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് കേട്ടപ്പോള്‍ ഓര്‍മ്മ വന്നതെന്ന് ജലീല്‍ പറഞ്ഞു.
ബാവാക്കാക്ക് പരിചയമുള്ള ഒരു അഖിലേന്ത്യാ ലീഗുകാരനെ യൂണിയന്‍ ലീഗിന്റെ ഭാഗമാക്കാന്‍ പഠിച്ച പണി പതിനെട്ടും നടന്നുവെന്നും എന്നാല്‍ അദ്ദേഹം തൻ്റെ നിലപാടില്‍ ഉറച്ചുനിന്നുവെന്നും ജലീല്‍ ചൂണ്ടിക്കാട്ടുന്നു. അവസാനം ഒടുവിലത്തെ അടവ് അവര്‍ പ്രയോഗിച്ചു. അദ്ദേഹത്തിന്റെ പലചരക്ക് കടയ്ക്ക് മുന്നില്‍ ‘പ്രഭാതകര്‍മ്മം’ നിര്‍വ്വഹിക്കുക. കട തുറക്കാന്‍ വരുന്ന സമയത്ത് അതിന് മുന്നില്‍ യൂണിയന്‍ ലീഗുകാരന്‍ ‘പ്രഭാതകര്‍മ്മം’ നിര്‍വ്വഹിച്ചിട്ടുണ്ടാകും. അദ്ദേഹത്തിന് എല്ലാദിവസവും യൂണിയന്‍ ലീഗുകാരുടെ ‘പ്രഭാതകര്‍മ്മം’ വൃത്തിയാക്കലായി പണിയെന്നും ജലീല്‍ കുറിപ്പില്‍ പറഞ്ഞു.
വര്‍ഷങ്ങള്‍ കഴിഞ്ഞ് ലീഗ് ലയന സമ്മേളനത്തിന് ശേഷം കോഴിക്കോട് പട്ടാളപ്പള്ളിയില്‍ വെച്ച് ബാവാക്ക അദ്ദേഹത്തെ യാദൃശ്ചികമായി വീണ്ടും കണ്ടു മുട്ടി. വിശേഷങ്ങള്‍ ചോദിച്ചു. കൂട്ടത്തില്‍ ലീഗ് ലയനവും ചര്‍ച്ചയായി. ലീഗ് ലയനം കൊണ്ട് ഒരു മെച്ചമുണ്ടായെന്നും തന്റെ ഷോപ്പിന്റെ മുന്നിലെ യൂണിയന്‍ ലീഗിന്റെ ‘പ്രഭാതകര്‍മ്മസേവ’ നിന്നു എന്നുമായിരുന്നു ബാവാക്കയോട് അദ്ദേഹം പറഞ്ഞതെന്നും ജലീല്‍ പറഞ്ഞു. പൂക്കി സര്‍ക്കാരിനെ കാര്യകാരണ സഹിതം വിമര്‍ശിച്ച റിപ്പോര്‍ട്ടര്‍ ടിവിയെ അനുനയിപ്പിക്കാന്‍ പലതും പ്രയോഗിച്ചു. ആദ്യം മരംമുറിക്കേസ്, പിന്നെ മെസ്സി വിവാദം. അങ്ങിനെ പലതും. പക്ഷെ ‘വിമതനാ’യ കഥാപുരുഷനെപ്പോലെ റിപ്പോര്‍ട്ടര്‍ വഴങ്ങിയില്ല. അവസാനം യൂണിയന്‍ ലീഗ് എടുത്ത ‘നാദാപുരം പണി’ തന്നെ സതീശന്‍ സര്‍ക്കാര്‍ പുറത്തെടുത്തു. റിപ്പോര്‍ട്ടറിന് മുന്നില്‍ പൊലീസുകാരെക്കൊണ്ട് ‘പ്രഭാതകര്‍മ്മം’ നിര്‍വ്വഹിപ്പിക്കുക. ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്താണ് യുഡിഎഫ് സര്‍ക്കാര്‍ അവസാന അടവ് പുറത്തെടുത്തതെന്നും ജലീല്‍ പറഞ്ഞു.
യുഡിഎഫ് നേതാക്കളെപ്പോലെ ജയില്‍ കണ്ടാല്‍ പേടിക്കുന്നവരാണ് എല്ലാവരുമെന്ന് പൂക്കീ സര്‍ക്കാര്‍ കരുതരുത്. കഥാപുരുഷനായ വിമതനെപ്പോലെ റിപ്പോര്‍ട്ടറും ആന്റോ അഗസ്റ്റിനും കീഴടങ്ങാതെ പൊരുതി നില്‍ക്കും. റിപ്പോര്‍ട്ടറിനു മുന്നിലെ പോലീസിന്റെ ‘പ്രഭാതകര്‍മ്മ നിര്‍വ്വഹണം’ തുടരട്ടെ. റിപ്പോര്‍ട്ടറിന്റെ ഗ്രാഫ് ഉയര്‍ന്നുതന്നെ നില്‍ക്കും എന്ന് പറഞ്ഞാണ് ജലീല്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.



