സൗദിയിൽ ഹൂത്തി വ്യോമാക്രമണ ഭീഷണി: റിയാദിലും പ്രമുഖ നഗരങ്ങളിലും അതിജാഗ്രതാ നിർദ്ദേശം

സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിലും സമീപ നഗരമായ അൽ-ഖർജിലും ഹൂത്തി സേനയുടെ വ്യോമാക്രമണ ഭീഷണിയെ തുടർന്ന് നാഷണൽ ഏർലി വാണിംഗ് പ്ലാറ്റ്‌ഫോം വഴി സിവിൽ ഡിഫൻസ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ശനിയാഴ്ച പുലർച്ചെയോടെയാണ് നഗരവാസികളുടെ മൊബൈൽ ഫോണുകളിലേക്ക് അടിയന്തര സുരക്ഷാ മുന്നറിയിപ്പുകൾ എത്തിയത്. മേഖലയിൽ ആക്രമണങ്ങൾ ശക്തമായ സാഹചര്യത്തിൽ റിയാദിന് പുറമെ ജിദ്ദ, തായിഫ്, അസീർ, അൽ-ഉല എന്നിവിടങ്ങളിലും അതിജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ശനിയാഴ്ച പുലർച്ചെ 2:58-നാണ് റിയാദിൽ ആദ്യ ജാഗ്രതാ സന്ദേശം ലഭിച്ചത്. ഇതിനുപിന്നാലെ റിയാദ് നഗരത്തിൽ രണ്ട് ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ദൃക്സാക്ഷികൾ വെളിപ്പെടുത്തി. തുടർന്ന് പുലർച്ചെ 5:19-ഓടെ രണ്ടാമത്തെ മുന്നറിയിപ്പും അധികൃതർ പുറപ്പെടുവിച്ചു. സുരക്ഷ മുൻനിർത്തി ജനങ്ങൾ വീടുകൾക്കുള്ളിൽ തന്നെ തുടരാനും ജനലുകളിൽ നിന്നും തുറസ്സായ സ്ഥലങ്ങളിൽ നിന്നും മാറിനിൽക്കണമെന്നും സിവിൽ ഡിഫൻസ് നിർദ്ദേശിച്ചു. ഇതിനുപുറമെ തെക്കുപടിഞ്ഞാറൻ മേഖലയിലെ ഫറസാൻ ദ്വീപുകളിലും സുരക്ഷാ മുന്നറിയിപ്പ് നൽകിയിരുന്നു.
സനയിൽ സൗദി സൈന്യം നടത്തിയ നീക്കങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഹൂത്തി വക്താവ് യഹ്‌യ സാരി വ്യക്തമാക്കിയതിന് പിന്നാലെയാണ് ആക്രമണങ്ങൾ കടുപ്പിച്ചത്. കഴിഞ്ഞ ദിവസം തായിഫിൽ പ്രതിരോധ സേന തകർത്ത ഹൂത്തി ഡ്രോണിന്റെ അവശിഷ്ടങ്ങൾ പതിച്ച് ഒരു യെമൻ പൗരൻ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിൽ സൗദി, പാകിസ്താൻ സ്വദേശികൾക്ക് പരിക്കേൽക്കുകയും ചെയ്തു. മക്കയുടെ വ്യോമാതിർത്തിയിലേക്ക് കടക്കാൻ ശ്രമിച്ച ശത്രു ഡ്രോണും സൗദി പ്രതിരോധ സേന വിജയകരമായി തകർത്തു.ഹൂത്തി ആക്രമണങ്ങൾക്ക് പുറമെ ഇറാഖ് അധിഷ്ഠിത മിലിഷ്യകളും സൗദിക്ക് നേരെ ഡ്രോൺ ആക്രമണങ്ങൾ നടത്തുന്നുണ്ട്. റിയാദ്, മദീന മേഖലകളിലൂടെ കടന്നുപോകുന്ന ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ് ലൈനിന് നേരെ ഇറാഖിൽ നിന്ന് ആക്രമണമുണ്ടായതിനെ തുടർന്ന് മുൻകരുതലിന്റെ ഭാഗമായി പൈപ്പ് ലൈനിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
അതിനിടെ യെമൻ തീരപ്രദേശങ്ങളിൽ പോരാട്ടം കടുപ്പമേറിയതോടെ 1,12,000-ത്തിലധികം ആളുകൾ ഭവനരഹിതരായതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. പ്രധാന സമുദ്രപാതയായ ബാബ് അൽ മന്ദാബ് കടലിടുക്കിലെ ഗതാഗത സുരക്ഷയിലും അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്ക ഉയർന്നുവന്നിട്ടുണ്ട്.




