അനധികൃത സ്ഥലം മാറ്റം തുടർന്ന് സർക്കാർ; പൊതുമരാമത്ത് വകുപ്പില്‍ 379 പേരെ ഒറ്റയടിക്ക് സ്ഥലംമാറ്റി, പ്രതിഷേധിച്ച് ജീവനക്കാർ

സംസ്ഥാനത്ത് അനധികൃത സ്ഥലം മാറ്റത്തിനെതിരെ വ്യാപക പ്രതിഷേധം. പൊതുമരാമത്ത് വകുപ്പില്‍ 379 ജീവനക്കാരെ ഒറ്റയടിക്ക് അനധികൃതമായി സ്ഥലം മാറ്റി. ജീവനക്കാര്‍ ചീഫ് എന്‍ജീനിയറുടെ ഓഫീസ് ഉപരോധിച്ചു.
പൊതുമരാമത്ത് വകുപ്പില്‍ 126 ടൈപ്പിസ്റ്റുകളെയും 253 ഒഎമാരെയുമാണ് ഒറ്റയടിക്ക്, ഒരു രാത്രിയില്‍ അനധികൃതമാക്കി സ്ഥലം മാറ്റിയത്. ചിലര്‍ക്ക് 400 കിലോമീറ്റര്‍ അകലെയാണ് സ്ഥലം മാറ്റം. വിഷയത്തില്‍ എന്‍ജിഒ യൂണിയന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ ജീവനക്കാര്‍ ചീഫ് എന്‍ജീനിയറുടെ ഓഫീസ് ഉപരോധിച്ചു.
കിടപ്പ് രോഗിയായ ഭര്‍ത്താവിനെ പരിചരിക്കുന്ന, ഇനി ഏഴ് മാസം മാത്രം സര്‍വീസ് കാലാവധിയുള്ള ജീവനക്കാരിയെപോലും സ്ഥലം മാറ്റി. അതേസമയം പ്രതിഷേധത്തെ തുടര്‍ന്ന് സ്ഥലം മാറ്റ പട്ടിക പുനഃപരിശോധിക്കുമെന്നാണ് ചീഫ് എന്‍ജീനിയറുടെ മറുപടി. എന്നാല്‍ ചീഫ് എന്‍ജീനിയറുടെ മറുപടിയെ ജീവക്കാര്‍ വിശ്വാസത്തില്‍ എടുക്കുന്നില്ല. തീരുമാനം അടിയന്തരമായി ഉണ്ടായില്ലെങ്കില്‍ പ്രക്ഷോഭം തുടരുമെന്ന് സമരക്കാര്‍ പറഞ്ഞു.




