മദ്യപിച്ച് വാഹനം ഓടിക്കൽ ഇനി നടക്കില്ല; പുതിയ സുരക്ഷാ സംവിധാനവുമായി കായങ്കുളം സെൻ്റ മേരീസ് ഗേൾസ് സ്കൂൾ വിദ്യാർഥിനികൾ

മണ്ണാർക്കാട് – മദ്യപിച്ച് വാഹനം ഓടിച്ച് അപകടങ്ങൾ വർധിക്കുന്നതും നിരവധി നിരപരാധികളുടെ ജീവൻ നഷ്ടമാകുന്ന പശ്ചാതലത്തിൽ സുപ്രധാന സുരക്ഷാ കണ്ടു പിടുത്തവുമായി വിദ്യാർഥിനികൾ. മണ്ണാർക്കാട് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ കായങ്കുളം സെൻ്റ മേരീസ് ഗേൾസ് സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനി മെഹറിൻ, ഒമ്പതാം ക്ലാസ് വിദ്യാർഥിനി അനുശ്രീ എന്നിവർ ചേർന്നൊരുക്കിയ നൂതന സംവിധാനമാണ് മേളയിൽ ഏറെ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റുന്നത്.
താരതമ്യേന വളരെ കുറഞ്ഞു ചെലവിൽ ഈ സാങ്കേതിക വിദ്യ നടപ്പിലാക്കാമെന്നതും ഈ ആശയത്തെ കൂടുതൽ സ്വീകര്യമാക്കുന്നുണ്ട്. മദ്യപിച്ചു വാഹനം ഓടിക്കാൻ ശ്രമിച്ചാൽ വാഹനം ലോക്കായി പ്രവർത്തനരഹിതമാകുന്നതം അതോടൊപ്പം പൊലിസിൻ്റെ അലേർട്ട് സംവിധാനത്തിലേക്ക് എസ്എംഎസ് ആയി സന്ദേശം പോകുന്നതും ഇതിൻ്റെ പ്രത്യേകതയാണ്. മേളയിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം സ്വന്തമാക്കിയാണ് സംസ്ഥാനതലത്തിലേക്ക് ഇവരുടെ പ്രയത്നം തെരഞ്ഞെടുക്കപ്പെട്ടത്.
മേളയിൽ അവതരിപ്പിച്ച ശേഷം ഇതേപ്പറ്റി വിവരങ്ങൾ അറിയുവാൻ നിരവധി പേർ കുട്ടികളെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഈ സംവിധാനം നവീന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ മികവുറ്റതാക്കാനുള്ള പരിശ്രമത്തിലാണ് ഈ അതുല്യ പ്രതിഭകൾ.




