Uncategorized

ഇറാനിൽ അമേരിക്ക യുദ്ധ കുറ്റകൃത്യം ചെയ്തു: ഐക്യരാഷ്ട്രസഭയുടെ വസ്തുതാന്വേഷണ ദൗത്യത്തിൻ്റേതാണ് കണ്ടെത്തൽ

വാഷിങ്ടൺ: ഇറാനിൽ അമേരിക്ക യുദ്ധ കുറ്റകൃത്യം ചെയ്തെന്ന കണ്ടെത്തലുമായി ഐക്യരാഷ്ട്രസഭയുടെ വസ്തുതാന്വേഷണ ദൗത്യം. ഇറാനിലെ ഒരു സ്കൂളിലും കായിക കേന്ദ്രത്തിലും ഫെബ്രുവരിയിൽ നടന്ന രണ്ട് സൈനിക ആക്രമണങ്ങൾക്ക് പിന്നിൽ അമേരിക്കയാണെന്ന് വിശ്വസിക്കാൻ മതിയായ കാരണങ്ങളുണ്ടെന്നാണ് ഐക്യരാഷ്ട്ര സഭയുടെ വസ്തുതാന്വേഷണ ദൗത്യം വ്യക്തമാക്കിയിരിക്കുന്നത്. വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. ഈ ആക്രമണങ്ങൾ യുദ്ധക്കുറ്റങ്ങളുടെ പരിധിയിൽ വരുന്നതായാണ് ദൗത്യത്തിൻ്റെ വിലയിരുത്തൽ. സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിനിടെ ഇറാൻ അധികൃതർ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ നടത്തിയതായും ദൗത്യം കണ്ടെത്തി.

ഇറാനിലെ മിനാബ് നഗരത്തിലെ ഷജറേ തയിബെ പ്രൈമറി സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിന് അമേരിക്കൻ സേനയാണ് ഉത്തരവാദികളെന്ന് വിശ്വസിക്കാൻ മതിയായ കാരണങ്ങളുണ്ടെന്ന് യുഎൻ വിദഗ്ധർ വ്യക്തമാക്കി. ഇറാൻ അധികൃതരുടെ കണക്കനുസരിച്ച് ആക്രമണത്തിൽ 150-ലേറെ പേർ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരിൽ ഏകദേശം 120 പേർ സ്കൂൾ വിദ്യാർഥികളായിരുന്നു. സിവിലിയൻ മരണങ്ങൾക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് നാശനഷ്ടങ്ങൾക്കും ഇടയാക്കിയ വിവേചനരഹിതമായ ആക്രമണമായിരുന്നു ഇതെന്നും അന്താരാഷ്ട്ര നിയമപ്രകാരം ഇത് യുദ്ധക്കുറ്റമാണെന്നും ദൗത്യം വിലയിരുത്തി.

ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ നാവിക സമുച്ചയത്തിന് സമീപമായിരുന്നു സ്കൂൾ സ്ഥിതി ചെയ്തിരുന്നത്. എന്നാൽ സ്കൂളുമായി ബന്ധപ്പെട്ട വിവരങ്ങൾ ലക്ഷ്യനിർണയ ഡാറ്റാബേസുകളിൽ പുതുക്കുന്നതിലും കെട്ടിടം സൈനിക ലക്ഷ്യമാണെന്ന് സ്ഥിരീകരിക്കുന്നതിലും അമേരിക്ക പരാജയപ്പെട്ടതായാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. ഇത് വെറും അശ്രദ്ധയായി മാത്രം കണക്കാക്കാനാകില്ലെന്നും ദൗത്യം വ്യക്തമാക്കി. സിവിലിയൻ കേന്ദ്രത്തെ ആക്രമിക്കാനുള്ള കാര്യമായ അപകടസാധ്യതയുണ്ടെന്ന് അറിഞ്ഞുകൊണ്ടുതന്നെ അമേരിക്ക സ്കൂൾ കെട്ടിടത്തെ ലക്ഷ്യമിട്ടതായും അത്തരമൊരു ആക്രമണം സംഭവിക്കാനുള്ള സാധ്യതയെക്കുറിച്ച് അശ്രദ്ധമായ സമീപനം സ്വീകരിച്ചതായുമാണ് അന്വേഷണത്തിലെ കണ്ടെത്തലെന്ന് റിപ്പോർട്ട് പറയുന്നു. സ്കൂൾ വ്യക്തമായി തിരിച്ചറിയാൻ കഴിയുന്ന ഒരു സിവിലിയൻ കേന്ദ്രമായിരുന്നുവെന്നും സൈനിക ആവശ്യങ്ങൾക്കായി അത് ഉപയോഗിച്ചിരുന്നതായി വ്യക്തമാകുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് ഐക്യരാഷ്ട്ര സഭയുടെ വിദഗ്ധർ വ്യക്തമാക്കുന്നത്.

ലാമെർഡിലെ ഒരു കായിക കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിലും സമാനമായ കണ്ടെത്തലാണ് വിദഗ്ധർ നടത്തിയത്. ആക്രമണത്തിൽ സമീപത്തെ താമസകെട്ടിടങ്ങൾക്കും ഒരു സ്കൂളിനും നാശനഷ്ടമുണ്ടായെന്നും 22 സാധാരണക്കാർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തെന്നും റിപ്പോർട്ട് പറയുന്നു. ആക്രമണം വിവേചനരഹിതമായിരുന്നെന്നും അതിനാൽ അത് യുദ്ധക്കുറ്റത്തിന്റെ പരിധിയിൽ വരുന്നതായും ദൗത്യം കണ്ടെത്തി. അന്ന് ലാമെർഡ് നഗരത്തിൽ യുഎസ് സേന ഒരു ആക്രമണവും നടത്തിയിട്ടില്ലെന്ന് യുഎസ് സെൻട്രൽ കമാൻഡ് മാർച്ചിൽ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ഡിസംബർ അവസാനം പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങൾക്കിടെ ഇറാൻ അധികൃതർ സാധാരണക്കാർക്കെതിരെ വ്യാപകവും വ്യവസ്ഥാപിതവുമായ ആക്രമണം നടത്തിയതായും യുഎൻ ദൗത്യത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. നിയമവിരുദ്ധമായ കൊലപാതകങ്ങൾ, പീഡനം, അന്യായ തടങ്കൽ, നിർബന്ധിത തിരോധാനം, അഭിപ്രായ സ്വാതന്ത്ര്യത്തിന് കടുത്ത നിയന്ത്രണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെട്ടതായി റിപ്പോർട്ട് പറയുന്നു. ആകെ മരണസംഖ്യ സ്വതന്ത്രമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അന്വേഷണ ദൗത്യം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഔദ്യോഗിക കണക്കുകളേക്കാൾ വളരെ കൂടുതലായിരിക്കാം യഥാർഥ മരണസംഖ്യയും പരിക്കേറ്റവരുടെ എണ്ണവും എന്നാണ് ദൗത്യത്തിന്റെ വിലയിരുത്തൽ. ഔദ്യോഗിക കണക്കുകൾ പ്രകാരം സംഭവത്തിൽ 3,038 പേർ കൊല്ലപ്പെടുകയും 25,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പ്രതിഷേധങ്ങളെ നേരിടാൻ സർക്കാർ സ്വീകരിച്ച അക്രമവും, കൊലപാതകങ്ങളും, ഇന്റർനെറ്റ് വിച്ഛേദിക്കൽ, വധശിക്ഷയുടെ ഉപയോഗം എന്നിവ വിയോജിപ്പുകളെ അടിച്ചമർത്തുന്നതിൽ നേരത്തെയുണ്ടായിരുന്ന രീതികളിൽനിന്ന് ഗണ്യമായതോതിലുള്ള കടുത്ത നടപടികളിലേക്കുള്ള മാറ്റത്തെയാണ് സൂചിപ്പിക്കുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കിയിട്ടുണ്ട്.

ഇറാനിലെ സ്വതന്ത്ര അന്താരാഷ്ട്ര വസ്തുതാന്വേഷണ ദൗത്യം തയ്യാറാക്കിയ പുതിയ റിപ്പോർട്ട് ജനീവയിൽ ചേരുന്ന യുഎൻ മനുഷ്യാവകാശ കൗൺസിലിന് സമർപ്പിക്കും. ഫെബ്രുവരിയിൽ ആരംഭിച്ച ഇറാൻ യുദ്ധത്തിനിടെ അമേരിക്ക നടത്തിയ നടപടികളും ഡിസംബർ അവസാനം രാജ്യവ്യാപകമായി ആരംഭിച്ച പ്രതിഷേധങ്ങളോടുള്ള ഇറാൻ സർക്കാരിന്റെ പ്രതികരണവുമാണ് റിപ്പോർട്ടിൽ പരിശോധിച്ചത്. ബംഗ്ലാദേശി നിയമവിദഗ്ധയായ സാറ ഹൊസൈൻ അധ്യക്ഷയായ ദൗത്യസമിതിയാണ് കണ്ടെത്തൽ നടത്തിയത്.

അതേസമയം പുറത്തുനിന്നുള്ള ഒരു സംഘടന തയ്യാറാക്കിയ റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കാൻ പെന്റഗൺ തയ്യാറായില്ല. ഞങ്ങളുടെ അന്വേഷണം ഇപ്പോഴും തുടരുകയാണ്. നിലവിൽ പ്രഖ്യാപിക്കാനായി ഒന്നുമില്ല എന്നാണ് പെൻ്റ​ഗൺ പ്രസ്താവനയിൽ അറിയിച്ചിരിക്കുന്നത്. യുഎൻ മനുഷ്യാവകാശ കൗൺസിൽ മനുഷ്യാവകാശങ്ങൾക്കായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു റിപ്പോർട്ടിനോട് പ്രതികരിച്ച വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലിയുടെ ആരോപണം. നിലവിലെ സംഘർഷത്തിൽ യുദ്ധക്കുറ്റങ്ങൾ നടത്തിയ ഏക കക്ഷി ഇറാനാണെന്നുമാണ് അന്ന കെല്ലിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. സൈനിക നടപടികൾ സായുധ സംഘർഷവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായാണ് നടത്തുന്നതെന്ന് യുഎസ് ഉദ്യോഗസ്ഥർ നേരത്തെ വ്യക്തമാക്കിയിരുന്നു.‌

യുഎൻ വസ്തുതാന്വേഷണ ദൗത്യങ്ങൾ അന്വേഷണ സംവിധാനങ്ങളാണ്, അവ നീതിന്യായ സ്ഥാപനങ്ങളല്ല. അതിനാൽ ഇവയ്ക്ക് ക്രിമിനൽ കേസുകൾ ആരംഭിക്കാൻ കഴിയില്ല. എന്നാൽ ഇത്തരം ദൗത്യങ്ങളുടെ കണ്ടെത്തലുകൾ ദേശീയ കോടതികളിലോ അന്താരാഷ്ട്ര ക്രിമിനൽ കോടതിപോലുള്ള ട്രൈബ്യൂണലുകളിലോ നടക്കുന്ന ക്രിമിനൽ അന്വേഷണങ്ങളിൽ ഉപയോഗിക്കാനാകും. റിപ്പോർട്ട് തിങ്കളാഴ്ച ജനീവയിൽ ചേരുന്ന മനുഷ്യാവകാശ കൗൺസിലിൽ അവതരിപ്പിക്കുമ്പോൾ അംഗരാജ്യങ്ങൾ ഇതിലെ കണ്ടെത്തലുകൾ ചർച്ച ചെയ്യും.

ഇറാനിലെ പെൺകുട്ടികളുടെ സ്കൂൾ ആരും മനഃപൂർവം ആക്രമിച്ചിട്ടില്ലെന്ന് ജൂണിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. സംഭവത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തെ ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തെക്കൻ ഇറാനിലെ മിനാബിൽ ഉണ്ടായ മാരകമായ ആക്രമണത്തിന് അമേരിക്കൻ സേനയായിരിക്കാം ഉത്തരവാദികളെന്ന് യുഎസിൻ്റെ പ്രാഥമിക സൈനിക അന്വേഷണത്തിൽ കണ്ടെത്തിയതായി റോയിട്ടേഴ്‌സ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button