Uncategorized

പണം കൈമാറിയെന്ന് MLA; കിട്ടിയില്ലെന്ന് ദുരിതബാധിതർ; കുട്ടനാട്ടിൽ വെള്ളപ്പൊക്ക ധനസഹായ വിതരണം വിവാദത്തിൽ

ആലപ്പുഴ: കുട്ടനാട്ടില്‍ വെള്ളപ്പൊക്ക അടിയന്തര ദുരിതാശ്വാസ ധനസഹായ വിതരണം വിവാദത്തില്‍. കുട്ടനാട്ടില്‍ 5000ല്‍ അധികം പേര്‍ക്ക് പതിനായിരം രൂപ വീതം വിതരണം ചെയ്തുവെന്നാണ് എംഎല്‍എ റെജി ചെറിയാന്‍ പറയുന്നത്. എന്നാല്‍ പണം കിട്ടിയിട്ടില്ലെന്നാണ് ദുരിതബാധിതര്‍ പറയുന്നത്. റെജി ചെറിയാന്‍ എംഎല്‍എയുടേത് ശുദ്ധ തട്ടിപ്പെന്നാണ് സിപിഐഎം പറയുന്നത്.

ദുരിതബാധിതര്‍ക്കുള്ള പണം ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ കൊടുത്ത് തുടങ്ങിയെന്നാണ് റെജി ചെറിയാന്‍ എംഎല്‍എ പറഞ്ഞത്. അയ്യായിരത്തിലധികം പേരുടെ അക്കൗണ്ടിലേക്ക് പണം ഇതിനോടകം എത്തിക്കഴിഞ്ഞുവെന്നും റെജി ചെറിയാന്‍ പറഞ്ഞിരുന്നു. ഒരു ഹെഡ്ഡില്‍ നിന്ന് ആയതുകൊണ്ട് പണം എത്താന്‍ സമയമെടുക്കും. ഒരു ദിവസം 1,000, 1500 പേര്‍ക്ക് വീതമാണ് പണം പോകുന്നത്. ഈ ആഴ്ചയോടെ വിതരണം പൂര്‍ത്തിയാകും. പണം വിതരണം ചെയ്തതില്‍ അടക്കം കൃത്യമായ രേഖകളുണ്ട്. ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ ജനപ്രതിനിധി എന്ന നിലയില്‍ അവരെയും സഹായിക്കുമെന്നും റെജി ചെറിയാന്‍ പറഞ്ഞിരുന്നു.

ഇതേസമയം തന്നെ 123 പേരുടെ വിവരങ്ങള്‍ അടങ്ങിയ ഒരു ലിസ്റ്റും എംഎല്‍എ റിപ്പോര്‍ട്ടര്‍ ആലപ്പുഴ പ്രതിനിധിക്ക് കൈമാറിയിരുന്നു. എംഎല്‍എ പറഞ്ഞതും ഈ ലിസ്റ്റിലെ ആളുകളെ വിളിച്ചപ്പോള്‍ ലഭിച്ച വിവരവും തമ്മില്‍ ഏറെ പൊരുത്തക്കേടുണ്ട്. ഫോണില്‍ ബന്ധപ്പെട്ടവരില്‍ പലര്‍ക്കും ധനസഹായം പൂര്‍ണമായും ലഭിച്ചിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. ചുരുക്കം ചിലര്‍ക്ക് അയ്യായിരം രൂപ വീതം മാത്രം ലഭിച്ചതായും വ്യക്തമായി. വെള്ളപ്പൊക്കം കുട്ടനാട്ടിലെ കാവാലം പഞ്ചായത്തിലെ നിരവധി പ്രദേശങ്ങളെ ബാധിച്ചിരുന്നു. ഇവരോട് റിപ്പോര്‍ട്ടര്‍ പ്രതിനിധി സംസാരിച്ചപ്പോഴും ആര്‍ക്കും പണം ലഭിച്ചിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. ദുരിതബാധിതരുടെ ആരോപണം സിപിഐഎം ഏറ്റെടുത്തിട്ടുണ്ട്.

പതിനായിരം രൂപ വീതം ഒരാളുടെയെങ്കിലും അക്കൗണ്ടില്‍ എത്തിയതായി തെളിയിക്കാന്‍ എംഎല്‍എയെ വെല്ലുവിളിക്കുകയാണെന്ന് സിപിഐഎം തകഴി ഏരിയ കമ്മിറ്റി അംഗം കെ ജി അരുണ്‍ കുമാര്‍ പറഞ്ഞു. റെജി ചെറിയാന്‍ എംഎല്‍എയുമായുള്ള ഒരു വ്യക്തിപരമായ വിദ്വേഷത്തിന്റെ പേരില്‍ കുട്ടനാടന്‍ ജനതയോട് മുഖ്യമന്ത്രി വി ഡി സതീശന്‍ വൈരാഗ്യം തീര്‍ക്കുകയാണ്. പ്രളയം ബാധിച്ച് ഒരു മാസം പിന്നിട്ടിട്ടും അടിയന്തര ധനസാഹയം വിതരണം ചെയ്തിട്ടില്ല. റെജി ചെറിയാന്‍ എംഎല്‍എയുടേത് ശുദ്ധ തട്ടിപ്പാണെന്നും സിപിഐഎം കുറ്റപ്പെടുത്തി.

അതേസമയം പഞ്ചായത്തും വില്ലേജ് ഓഫീസര്‍മാരും കുട്ടനാട് തഹസില്‍ദാറും പറയുന്നതില്‍ വലിയ പൊരുത്തക്കേടുണ്ട്. റവന്യു വകുപ്പിന്റെ പോര്‍ട്ടലിലേക്ക് ഡാറ്റകള്‍ നല്‍കുന്ന ജോലി ഇനിയും പൂര്‍ത്തിയായിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. ഇതിന് കാലതാമസമെടുക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ പറയുന്നു. എത്ര പേര്‍ക്ക് പണം നല്‍കി എന്നത് സംബന്ധിച്ച് കുട്ടനാട് തഹസില്‍ദാരുടെ പക്കല്‍ കൃത്യമായ കണക്കുമില്ല. ഇതും ആശയക്കുഴപ്പത്തിന് കാരണമായിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button