രാഷ്ട്രപതിയ്ക്കൊപ്പമുള്ള ‘നാഷണൽ ക്രഷ്’; മേജർ ഋഷഭ് സിങ് സംബ്യാൽ സൈന്യത്തിൽ നിന്ന് വിരമിച്ചതിന് പിന്നിലെ കാരണം ഇത്

ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ എയ്ഡ്-ഡി-ക്യാമ്പ് (ADC) ആയി സേവനമനുഷ്ഠിച്ച് ശ്രദ്ധേയനായ മേജർ ഋഷഭ് സിങ് സംബ്യാൽ സൈന്യത്തിൽ വിരമിച്ച വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ‘നാഷണൽ ക്രഷ്’ എന്ന് സോഷ്യൽ മീഡിയ വിശേഷിപ്പിച്ച അദ്ദേഹത്തിന് സോഷ്യൽ മീഡിയയിൽ ഒരു വലിയ ഫാൻബേസ് തന്നെയുണ്ട്. ഇപ്പോഴിതാ താൻ എന്തിനാണ് വിരമിച്ചതെന്ന യഥാർത്ഥ കാരണങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. 30-ാം വയസ്സിൽ നിർണായകമായ ഈ തീരുമാനമെടുത്തത് തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടങ്ങളിലൊന്നായിരുന്നുവെന്ന് രാജ് ഷമാമിയുടെ പോഡ്കാസ്റ്റിലും തുടർന്നുള്ള വീഡിയോ സന്ദേശത്തിലും അദ്ദേഹം വ്യക്തമാക്കി.
ചെറുപ്പത്തിൽ തന്നെ നാഷണൽ ഡിഫൻസ് അക്കാദമി, ഇന്ത്യൻ മിലിട്ടറി അക്കാദമി എന്നിവിടങ്ങളിലൂടെ സൈന്യത്തിലെത്തിയ അദ്ദേഹം എലൈറ്റ് 4 പാര സ്പെഷ്യൽ ഫോഴ്സിന്റെ ഭാഗമായി സേവനമനുഷ്ഠിച്ചു. 2021-ലെ റിപ്പബ്ലിക് ദിന പരേഡിൽ മികച്ച മാർച്ചിംഗ് കോൺടിജന്റ് ട്രോഫി നേടിയ ജാട്ട് റെജിമെന്റ് സംഘത്തെ നയിച്ചത് മേജർ ഋഷഭ് സംബ്യാലായിരുന്നു. തുടർന്ന് 2023-ൽ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ എഡിസി ആയി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ഏകദേശം മൂന്ന് വർഷത്തോളം രാഷ്ട്രപതിയുടെ ഔദ്യോഗിക ചടങ്ങുകളിൽ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. അങ്ങനെയാണ് സോഷ്യൽ മീഡിയയുടെ കണ്ണ് അദ്ദേഹത്തിലുടക്കുന്നത്.
രാഷ്ട്രപതിയുടെ എഡിസി ആയി സേവനമനുഷ്ഠിക്കുമ്പോൾ സാധാരണ വ്യക്തിജീവിതത്തിനും കുടുംബത്തിനും സമയം കണ്ടെത്താൻ സാധിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ പദവിയിലിരിക്കുമ്പോൾ വിവാഹം കഴിക്കാൻ പാടില്ലെന്ന കർശനമായ വിലക്കുമുണ്ടായിരുന്നു. സൈനിക സേവനം കാരണം 2014 മുതൽ അമ്മയോടൊപ്പം ജീവിക്കാൻ സാധിച്ചിരുന്നില്ലെന്നും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനുമാണ് വിരമിക്കൽ തിരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. നാല് മാസത്തോളം നീണ്ട ആലോചനകൾക്കൊടുവിലാണ് വിരമിക്കൽ തീരുമാനത്തിലെത്തിയത്.
വിവാഹം കഴിക്കാനോ വിദേശത്തേക്ക് കുടിയേറാനോ വേണ്ടിയാണ് അദ്ദേഹം സേവനം അവസാനിപ്പിച്ചതെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാൽ ഈ ഊഹാപോഹങ്ങളെല്ലാം അദ്ദേഹം തള്ളി. നിലവിൽ താൻ സിംഗിളാണെന്നും പെട്ടെന്ന് വിവാഹം കഴിക്കാൻ പദ്ധതികളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
12 വർഷത്തെ സേവനത്തിന് ശേഷം സൈന്യത്തിന് പുറത്തുള്ള സാധ്യതകൾ കണ്ടെത്താനും, സൈന്യത്തിൽ നിന്ന് ലഭിച്ച അച്ചടക്കവും നേതൃത്വപാടവവും ഉപയോഗിച്ച് യുവാക്കൾക്ക് പ്രചോദനമേകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ആഗ്രഹിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.




