Uncategorized

മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ഹര്‍ജി: ഇടപെട്ട് ഹൈക്കോടതി, തെരഞ്ഞെടുപ്പ് കമ്മിഷനും സ്പീക്കര്‍ക്കും നോട്ടീസ്

കൊച്ചി: ചെക്ക് കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പാലാ എംഎല്‍എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി നോട്ടീസ് അയച്ചു. മാണി സി കാപ്പന്‍, തെരഞ്ഞെടുപ്പ് കമ്മിഷന്‍, നിയമസഭ സ്പീക്കര്‍, ചീഫ് സെക്രട്ടറി എന്നിവര്‍ ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.
ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്‍റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മുംബൈ മലയാളി ദിനേശ് മേനോനാണ് കാപ്പനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന ദിനേശ് മേനോന്‍റെ പരാതിയിലടക്കം നാല് കേസുകളില്‍ മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതി മാണി സി. കാപ്പന് മൂന്നര വര്‍ഷത്തെ തടവ് ശിക്ഷയും 5.30 കോടി രൂപ പിഴയും വിധിച്ചിരുന്നു.

രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ തടവ് ശിക്ഷയുണ്ടെങ്കില്‍ അയോഗ്യനാക്കണമെന്ന ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം കാപ്പന്‍ എംഎല്‍എ സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ല. മാണി സി. കാപ്പന് ശിക്ഷ വിധിച്ചിട്ടും സ്പീക്കറും തെരഞ്ഞെടുപ്പ് കമ്മീഷനും നടപടിയെടുത്തില്ല എന്നാണ് ഹൈക്കോടതിയില്‍ പരാതിക്കാരന്‍റെ വാദം.

സെപ്റ്റംബര്‍ ഒന്നു മുതല്‍ മാണി സി കാപ്പന്‍ അയോഗ്യനാണെന്ന് പ്രഖ്യാപിക്കണം. പാലായില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദേശിക്കണം. ഹര്‍ജിയില്‍ അന്തിമ തീരുമാനം ആകുന്നതുവരെ മാണി സി കാപ്പന്‍റെ എംഎല്‍എ ആനുകൂല്യങ്ങള്‍ തടയണം എന്നീ ആവശ്യങ്ങളാണ് ഹര്‍ജിയിലുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button