പ്രവൃത്തി ദിനം അഞ്ചാക്കണം; ഇന്നുമുതൽ രാജ്യവ്യാപക പണിമുടക്കുമായി ബാങ്ക് ജീവനക്കാർ

രാജ്യത്തെ പൊതുമേഖല ബാങ്ക് ജീവനക്കാർ ഇന്ന് പണിമുടക്കുകയാണ്. പ്രവൃത്തി ദിനം 5 ആക്കുക എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ നേതൃത്വത്തിൽ പണിമുടക്കുന്നത്. നാളെയും മറ്റന്നാളും ബാങ്ക് അവധി ആയതിനാൽ ഇന്നുമുതൽ മൂന്നുദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും.
അതേസമയം, പൊതുമേഖലാ ബാങ്കുകൾ സേവനങ്ങളിൽ തടസമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖകളുടെ പ്രവർത്തനം സാധാരണ നിലയിലാക്കാൻ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും പണിമുടക്ക് മൂലം സേവനങ്ങൾ തടസപ്പെട്ടേക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
അഞ്ച് ദിവസത്തെ പ്രവൃത്തി ദിനം വേണമെന്നത് യൂണിയനുകളുടെ ദീർഘനാളായുള്ള ആവശ്യമാണ്. ചീഫ് ലേബർ കമ്മീഷണറുടെ മുന്നിൽ നടന്ന അനുരഞ്ജന ചർച്ചകൾക്ക് ശേഷവും പ്രശ്നത്തിന് പരിഹാരമായില്ലെന്നാണ് സൂചന. അഞ്ച് ദിവസത്തെ ബാങ്കിംഗ് നടപ്പിലാക്കുന്നതിൽ സർക്കാരും മാനേജ്‌മെന്റും വ്യക്തമായ ഉറപ്പ് നൽകാത്തതിനാലാണ് പണിമുടക്കിലേക്ക് നീങ്ങേണ്ടിവന്നതെന്ന് ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ (എഐബിഒസി) ജനറൽ സെക്രട്ടറി രൂപം റോയ് മാധ്യമങ്ങളോട് പറഞ്ഞു.




