സര്‍ക്കാര്‍ ഉത്തരവ് പലയിടത്തും നടപ്പായില്ല, മലപ്പുറത്ത് തെരുവുനായ്ക്കളെ പിടികൂടാന്‍ ടാസ്ക് ഫോഴ്സുകളില്ല

മലപ്പുറം: തെരുവുനായ്ക്കളെ പിടികൂടാനും നിയന്ത്രിക്കാനുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാതെ മലപ്പുറം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. സ്കൂളുകള്‍, ആശുപത്രികള്‍, മാര്‍ക്കറ്റുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ തുടങ്ങിയ പൊതുഇടങ്ങളില്‍ തെരുവുനായ ശല്യം വന്‍തോതില്‍ രൂക്ഷമായി തുടരുമ്പോഴാണ് അധികൃതരുടെ ഭാഗത്തുനിന്നുള്ള ഈ കടുത്ത അലംഭാവം.
അടിയന്തര പ്രാധാന്യത്തോടെ തുടര്‍നടപടി സ്വീകരിക്കണമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി ഒരുമാസം പിന്നിട്ടിട്ടും ജില്ലയില്‍ സംവിധാനങ്ങള്‍ ഏങ്ങുമെത്തിയിട്ടില്ല.തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥര്‍ക്ക് പുറമെ പോലീസ്, വെറ്ററിനറി ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന ടാസ്ക് ഫോഴ്സ് രൂപീകരിക്കാനും നോഡല്‍ ഓഫീസറെ നിയമിക്കാനും എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പരാതിപരിഹാര സെല്‍ തുടങ്ങാനുമായിരുന്നു നിര്‍ദ്ദേശം. സ്കൂളുകള്‍, സ്റ്റേഡിയങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് ടെര്‍മിനലുകള്‍ എന്നിവയുടെ കൃത്യമായ പട്ടിക തയ്യാറാക്കി പതിവ് പരിശോധനകള്‍ നടത്താനും, തിരക്കേറിയ ഇടങ്ങളില്‍ നിന്ന് നായ്ക്കളെ സുരക്ഷിതമായ ഷെല്‍ട്ടറുകളിലേക്ക് മാറ്റാനും ഉത്തരവിലുണ്ടായിരുന്നു.
എന്നാല്‍ ഷെല്‍ട്ടറുകള്‍ക്കായി സ്ഥലം കണ്ടെത്തുന്നതില്‍ പ്രാദേശിക എതിര്‍പ്പുകള്‍ ചൂണ്ടിക്കാട്ടി തദ്ദേശ സ്ഥാപനങ്ങള്‍ പരാജയപ്പെടുകയാണ് ചെയ്തത്.അതിനിടെ, കഴിഞ്ഞ ദിവസം കോട്ടക്കലില്‍ തെരുവുനായയുടെ ആക്രമണത്തില്‍ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടികളെയും സമീപത്തുണ്ടായിരുന്ന സ്ത്രീയെയുമാണ് നായ കടിച്ചത്. തുടര്‍ന്ന് ബൈക്ക് യാത്രക്കാരനെ ആക്രമിക്കാന്‍ ശ്രമിച്ച നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു.മറ്റ് ജില്ലകളില്‍ സര്‍ക്കാരിന്റെ തെരുവുനായ നിയന്ത്രണ പദ്ധതികള്‍ പുരോഗമിക്കുമ്പോള്‍ മലപ്പുറത്തുണ്ടാകുന്ന ഈ വീഴ്ചയ്ക്കെതിരെ ജനരോഷം ശക്തമാകുകയാണ്.




