Uncategorized

880 കോടിയുടെ ക്രിപ്‌റ്റോ തട്ടിപ്പ്; അന്താരാഷ്ട്ര ക്രിമിനൽ സംഘങ്ങളെ പിടിച്ച് ഷാർജ പൊലീസ്

ക്രിപ്‌റ്റോകറൻസി തട്ടിപ്പ്, ഹാക്കിംഗ്, ബ്ലാക്ക്‌മെയിലിംഗ്, തട്ടിക്കൊണ്ടുപോകൽ തുടങ്ങി 880 കോടിയിലധികം ദിർഹമിന്റെ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ നാല് രാജ്യാന്തര ക്രിമിനൽ ശൃംഖലകളെ തകർത്ത് ഷാർജ പൊലീസ്. ‘എൻഡ് ഓഫ് ബാറ്റിൽ’ എന്ന് പേരിട്ട ചരിത്രപരമായ ഈ സംയുക്ത നീക്കത്തിലൂടെ 20 കോടിയിലധികം ദിർഹമിന്റെ സ്വത്തുക്കളും ഡിജിറ്റൽ ആസ്തികളും പൊലീസ് കണ്ടുകെട്ടി. സംഭവവുമായി ബന്ധപ്പെട്ട് 12 രാജ്യങ്ങളിൽ നിന്നുള്ള 33 വ്യക്തികളെയും ആറ് പ്രമുഖ കമ്പനികളെയും ഷാർജ ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്തതായി ഷാർജ മീഡിയ സിറ്റിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

പൊലീസ് ചരിത്രത്തിലെ തന്നെ ഏറ്റവും സങ്കീർണ്ണവും വലുതുമായ ഈ തിരച്ചിലിലൂടെ ആഗോളതലത്തിൽ പ്രവർത്തിക്കുന്ന 30-ലധികം പ്രമുഖ കമ്പനികളെയും 6,500 കോടി ദിർഹത്തിലധികം മൂല്യമുള്ള സാമ്പത്തിക ആസ്തികളെയുമാണ് സുരക്ഷിതമാക്കാൻ സാധിച്ചതെന്ന് ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്റ്റനന്റ് ജനറൽ അബ്ദുള്ള മുബാറക് ബിൻ ആമിർ വ്യക്തമാക്കി. മൂവായിരത്തിലധികം ഡിജിറ്റൽ വാളറ്റുകൾ സൂക്ഷ്മമായി പരിശോധിച്ചാണ് ക്രിമിനൽ സംഘങ്ങളുടെ സാമ്പത്തിക വിവരങ്ങളും വൻതോതിലുള്ള ഇടപാടുകളും പൊലീസ് സംഘം പുറത്തെത്തിച്ചത്.

വ്യത്യസ്ത ജോലികൾ കൃത്യമായി വീതിച്ചുനൽകിയാണ് നാല് ശൃംഖലകളും പ്രവർത്തിച്ചിരുന്നത്. ആദ്യ സംഘം ഹാക്കിംഗിലൂടെ പ്രമുഖ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും വിവരങ്ങൾ ചോർത്തുമ്പോൾ, രണ്ടാമത്തെ സംഘം ഈ വിവരങ്ങൾ ഉപയോഗിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ സഹായത്തോടെ സാമ്പത്തിക തട്ടിപ്പുകൾ നടത്തിയിരുന്നു. മൂന്നാമത്തെ സംഘം ക്രിപ്‌റ്റോകറൻസി വഴി പണം വെളുപ്പിക്കുന്നതിലും നാലാമത്തെ സംഘം ഡിജിറ്റൽ വാളറ്റുകളുടെ പാസ്‌കോഡുകൾ കൈക്കലാക്കാനായി ഇരകളെ ഭീഷണിപ്പെടുത്തുന്നതിലും തട്ടിക്കൊണ്ടുപോകുന്നതിലും കായികമായി ആക്രമിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.അന്വേഷണത്തിനിടെ സംഘത്തിലെ പ്രധാന കണ്ണിയായ പ്രായപൂർത്തിയാകാത്ത ചെറുപ്പക്കാരനെയും ഇയാളുമായി ചേർന്ന് ക്രിപ്‌റ്റോകറൻസി തട്ടിപ്പ് നടത്തിയിരുന്ന ഏജന്റിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഡിജിറ്റൽ സാങ്കേതികവിദ്യയിലും സാമ്പത്തിക ഇടപാടുകളിലും അതീവ നൈപുണ്യമുള്ള ഈ ചെറുപ്പക്കാരൻ വഴിയാണ് ഡാർക്ക് വെബ്ബിൽ ചോർത്തിയ വിവരങ്ങൾ വിൽപന നടത്തിയിരുന്നത്. വിവരവിനിമയത്തിനായി ഓരോ എട്ടു മണിക്കൂറിലും മാറുന്ന രഹസ്യ കോഡുകളാണ് ക്രിമിനൽ സംഘങ്ങൾ സന്ദേശമയക്കാൻ ഉപയോഗിച്ചിരുന്നത്.

സംഘത്തിലെ ഒരു അംഗത്തെ വധിക്കാനുള്ള ഗൂഢാലോചനയും ഡിജിറ്റൽ വാളറ്റ് ഉടമകളെ തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതിയും യഥാസമയം ഇടപെട്ട് പരാജയപ്പെടുത്താൻ സാധിച്ചതായി പൊലീസ് അറിയിച്ചു. തട്ടിയെടുത്ത കോടിക്കണക്കിന് രൂപ ബാങ്ക് അക്കൗണ്ടുകൾ, ഡിജിറ്റൽ വാളറ്റുകൾ, ഷെയറുകൾ എന്നിവ വഴി മാറ്റി റിയൽ എസ്റ്റേറ്റ്, ആഡംബര കാറുകൾ, സ്വർണ്ണം, വിലകൂടിയ വാച്ചുകൾ എന്നിവയിലായിരുന്നു നിക്ഷേപിച്ചിരുന്നത്. ക്രിമിനൽ സംഘങ്ങൾക്ക് അന്താരാഷ്ട്ര തലത്തിലുള്ള ബന്ധങ്ങൾ തകർത്തത് ആഗോള ഡിജിറ്റൽ വിപണിയിലെ തകർച്ച ഒഴിവാക്കാൻ സഹായിച്ചതായി അധികൃതർ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button