‘ആർക്കാണ് തെറ്റുപറ്റിയതെന്ന് കേന്ദ്ര കമ്മിറ്റി പുറത്തിറക്കിയ റിപ്പോർട്ടിലുണ്ട്’; പിണറായിയെ തള്ളി വി ശിവൻകുട്ടി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതിപക്ഷനേതാവ് പിണറായി വിജയനെ തള്ളി മുന്‍ മന്ത്രി വി ശിവന്‍കുട്ടി. തെരഞ്ഞെടുപ്പിലെ പാര്‍ട്ടിക്കുണ്ടായ തോല്‍വിയില്‍ കേന്ദ്ര കമ്മിറ്റി രേഖ പുറത്തിറക്കിയിട്ടുണ്ടെന്നും ആര്‍ക്കാണ് തെറ്റുപറ്റിയതെന്ന് അതില്‍ കൃത്യമായി പറയുന്നുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു. കേന്ദ്ര കമ്മിറ്റി രേഖ തയ്യാറാക്കുക മാത്രമല്ല അത് പരസ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും തങ്ങളെ സ്‌നേഹിക്കുന്ന ജനങ്ങള്‍ കൂടി അറിയാനാണ് അത് പരസ്യപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ പ്രദേശത്തെയും സാഹചര്യമാവാം പിണറായി പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിഎം ശ്രീ വിഷയത്തിലും വി ശിവന്‍കുട്ടി പ്രതികരിച്ചു. പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ കഴിയില്ലെന്ന സര്‍ക്കാര്‍ വാദം വസ്തുതാ വിരുദ്ധമെന്നും നിയമപരമായി പിന്മാറാന്‍ ഒരു തടസ്സവുമില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു. കേരളത്തിന്റെ പൊതുതാല്‍പര്യം പൂര്‍ണമായും അടിയറവ് വയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും അദ്ദേഹം വിമര്‍ശിച്ചു. മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും തുടങ്ങി ഓരോ മന്ത്രിമാര്‍ക്കും ഓരോ അഭിപ്രായമാണെന്നും പിഎം ശ്രീ അറബിക്കടലില്‍ വലിച്ചെറിയുമെന്ന് പറഞ്ഞവര്‍ അതില്‍ നിന്ന് പിന്മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുസ്ലിം ലീഗ് പദ്ധതിയ എതിര്‍ക്കുന്നുണ്ട് എന്നാല്‍ ലീഗിനെ വരച്ച വരയില്‍ നിര്‍ത്തുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. പദ്ധതിയില്‍ ലീഗിന്റെ നിലപാട് വ്യക്തമാക്കണമെന്നും എട്ടുമാസം മാത്രം കാലാവധിയുള്ള പദ്ധതി നടപ്പിലാക്കുന്നത് എന്തിനാണെന്നും ശിവന്‍കുട്ടി ചോദിച്ചു.
സംസ്ഥാന കായികമേള വേദി മാറ്റിയതില്‍ ദുരൂഹതയുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു. കണ്ണൂരില്‍ നിന്നും കോഴിക്കോടിലേക്ക് മാറ്റിയത് എന്തിനാണെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വ്യക്തത വരുത്തണമെന്നും കണ്ണൂരില്‍ നടത്താന്‍ തീരുമാനിച്ചത് മന്ത്രി അറിഞ്ഞിട്ടുണ്ടാവില്ലെന്നും ഉദ്യോഗസ്ഥര്‍ ആ വിവരം അറിയിച്ചിട്ടുണ്ടാവില്ലെന്നും അദ്ദേഹം പരിഹസിച്ചു. സംസ്ഥാന കായികമേള കണ്ണൂരില്‍ നടത്താന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന് പതാക കൈമാറിയിരുന്നു. കഴിഞ്ഞ വേദിയില്‍ വെച്ചാണ് പതാക കൈമാറ്റം നടന്നത്. അതാണ് വര്‍ഷങ്ങളായുള്ള നടപടിക്രമമെന്നും അദ്ദേഹം പറഞ്ഞു.




