മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്ക് നേരെ പീഡനശ്രമം: കൗമാരക്കാരനെ കടിച്ചോടിച്ച് തെരുവ് നായ്ക്കൾ; പിന്നാലെ അറസ്റ്റ്

മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച 17 -കാരനെ തെരുവ് നായ്ക്കൾ കടിച്ചോടിച്ചു. കോയമ്പത്തൂരിലെ തുടിയല്ലൂരിന് സമീപം റെയിൽവേ ഓവർബ്രിഡ്ജ് സർവീസ് റോഡിൽ വ്യാഴാഴ്ച പുലർച്ചെ 2:30 – ഓടെയാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയായ കൗമാരക്കാരനെ പോലീസ് അന്ന് തന്നെ അറസ്റ്റ് ചെയ്തു.
അക്രമം തടഞ്ഞ് തെരുവ് നായ്ക്കൾ
വഴിയരികിൽ നായ്ക്കളുടെ അടുത്ത് ഇരിക്കുകയായിരുന്ന സ്ത്രീക്ക് സമീപത്തേക്ക് മദ്യലഹരിയിലായിരുന്ന കൗമാരക്കാരൻ എത്തുകയായിരുന്നു. തുടർന്ന് ഇയാൾ കല്ലെടുത്തെറിഞ്ഞ് നായ്ക്കളെ ഓടിക്കാൻ ശ്രമിച്ചു. നായ്ക്കൾ അല്പം മാറിനിന്നെങ്കിലും പ്രതിക്കെതിരെ തുടർച്ചയായി കുരച്ചുകൊണ്ടിരുന്നു. ഇതിനിടയിൽ ഇയാൾ സ്ത്രീയെ ലൈംഗികമായി ഉപദ്രവിക്കാൻ തുനിഞ്ഞതോടെ, സ്ത്രീ ഭയന്ന് നിലവിളിച്ചു. നിലവിളി കേട്ടതിന് പിന്നാലെ മാറിനിന്ന നായ്ക്കൾ പ്രതിക്ക് നേരെ പാഞ്ഞടുക്കുകയും ഇയാളുടെ കാലുകളിൽ കടിച്ചു വലിച്ച് സ്ത്രീയിൽ നിന്ന് അകറ്റാൻ ശ്രമിക്കുകയുമായിരുന്നു. ആദ്യമൊക്കെ കൗമാരക്കാരൻ നായ്ക്കളെ ഓടിക്കാൻ ശ്രമിച്ചെങ്കിലും നായ്ക്കൾ തുടർച്ചയായി അക്രമിക്കാൻ ശ്രമിച്ചകോടെ കൗമാരക്കാരൻ ഭയന്നോടി. ഇതോടെ നായ്ക്കളും ഇയാളെ പിന്തുടരുന്നത് വീഡിയോയിൽ കാണാം.
അവർ ശല്യമല്ല, കാവൽക്കാർ
സിസിടിവി ദൃശ്യങ്ങൾ പിന്നീട് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതോടെയാണ് പോലീസ് അതേ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിയുകയും അന്ന് തന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയതോതിലുള്ള പ്രതികരണങ്ങളാണ് ഉണ്ടായത്. തെരുവ് നായ്ക്കൾ കാണിച്ച വിശ്വസ്തതയും ഇടപെടലും നിരവധിയാളെ അമ്പരപ്പിച്ചു. “നാം ‘ശല്യം’ എന്ന് വിളിച്ച് ഒഴിവാക്കാൻ ശ്രമിക്കുന്ന തെരുവ് നായ്ക്കൾ പലപ്പോഴും മനുഷ്യരേക്കാൾ മനുഷ്യത്വവും സംരക്ഷണമനസ്സും കാണിക്കുന്നുണ്ടെന്നതിന് തെളിവാണിത്” എന്ന് പലരും കുറിച്ചു. സർക്കാരും അധികാരികളും ചെയ്യേണ്ട സുരക്ഷാച്ചുമതലയാണ് ഇവിടെ തെരുവ് നായ്ക്കൾ കാണിച്ചതെന്നും ക്രൂരത കാണിക്കുന്ന മനുഷ്യരെക്കാൾ എത്രയോ മേലെയാണ് ഇങ്ങനെയുള്ള മിണ്ടാപ്രാണികളെന്നും സമൂഹ മാധ്യമങ്ങളിൽ നിരവധിപേർ അഭിപ്രായപ്പെട്ടു.




