സിജെപി സമരത്തിനിടെ ദളിത് പെൺകുട്ടിയുടെ പിതാവിനെ മർദ്ദിച്ചെന്ന പരാതി; സ്വതന്ത്ര ഭരദ്വാജ് കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: സിജെപിയുടെ ജന്തര്‍ മന്തര്‍ സമരത്തിനിടെ ദളിത് പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഹിന്ദുത്വ പ്രവർത്തകൻ സ്വതന്ത്ര ഭരദ്വാജ് കസ്റ്റഡിയില്‍. ഉത്തർപ്രദേശ് പൊലീസിൻ്റെ പിന്തുണയോടെയാണ് ഡൽഹി പൊലീസ് ഇയാളെ പിടികൂടിയത്. സ്വതന്ത്ര ഭരദ്വാജിനെ 72 മണിക്കൂറിനുള്ളില്‍ കസ്റ്റഡിയിലെടുക്കുമെന്ന് ഡല്‍ഹി പൊലീസ് സിജെപി പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. തുടര്‍ന്നാണ് അറസ്റ്റ്.
നിലവിലെ എഫ്‌ഐആറില്‍ ഗുരുതരമായ കൂടുതല്‍ വകുപ്പുകള്‍ ഇയാൾക്കെതിരെ ചുമത്തുമെന്നും പൊലീസ് ഉറപ്പ് നല്‍കിയിരുന്നു. വധശ്രമം അടക്കമുള്ള വകുപ്പുകളാവും ഭരദ്വാജിനെതിരെ ചുമത്തുക. സ്വതന്ത്ര ഭരദ്വാജിനെ പിടികൂടാത്ത പക്ഷം ജന്തര്‍ മന്തറിന് സമാനമായ പ്രതിഷേധം സംഘടിപ്പിക്കാനായിരുന്നു സിജെപിയുടെ നീക്കം.
രണ്ടര മണിക്കൂറാണ് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ സിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായത്. സ്വതന്ത്ര ഭരദ്വാജിനെ അറസ്റ്റ് ചെയ്യണമെന്നും കൂടുതല്‍ വകുപ്പുകള്‍ ചുമത്തണമെന്നുമായിരുന്നു ആവശ്യം. കഴിഞ്ഞ ദിവസം സ്വതന്ത്ര ഭരദ്വാജ് പോഡ്കാസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ അന്വേഷിച്ച് മറ്റ് വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തുമെന്ന് പൊലീസ് ഉറപ്പ് നല്‍കിയിരുന്നു. ഇന്ന് തന്നെ ഭരദ്വാജിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം നടത്തുമെന്നും പൊലീസ് പറഞ്ഞിരുന്നു. ഈ ഉറപ്പിന്മേലാണ് പ്രവർത്തകർ പിരിഞ്ഞത്. മർദ്ദനമേറ്റ പിതാവും ഇദ്ദേഹത്തിന്റെ മകളും ഉൾപ്പടെയാണ് ഇന്ന് പ്രതിഷേധത്തിനെത്തിയത്. എംപിമാരായ പപ്പു യാദവ്, ചന്ദ്ര ശേഖർ ആസാദ് അടക്കമുള്ളവർ പ്രതിഷേധക്കാർക്കൊപ്പം ഉണ്ടായിരുന്നു.




