ബുഡ്ഗാമിൽ ഏറ്റുമുട്ടൽ: ഭീകരനെ വധിച്ചു

ശ്രീനഗർ: ജമ്മു കാഷ്മീരിലെ ബുഡ്ഗാം ജില്ലയിലെ അഷ്ദർ ഗലിയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യവും ജമ്മു കാഷ്മീർ പോലീസും സിആർപിഎഫും ചേർന്ന് വ്യാഴാഴ്ച മുതൽ പ്രദേശത്ത് തെരച്ചിൽ നടത്തിവരികയായിരുന്നു.കൊല്ലപ്പെട്ട ഭീകരനിൽനിന്ന് എകെ 47 തോക്ക് ഉൾപെടെയുള്ള ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്. പുൽവാമയിലെ പഖേർപോറയിൽനിന്ന് ബുഡ്ഗാമിലെ യൂസ്മാർഗ് ലക്ഷ്യമാക്കി സംശയാസ്പദമായ രീതിയിൽ ഭീകരസംഘം നീങ്ങുന്നതായി സുരക്ഷാസേനയ്ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു.
തുടർന്ന് ‘ഓപ്പറേഷൻ അഷ്ദർ’ എന്ന പേരിൽ പ്രദേശം വളഞ്ഞ് പരിശോധന നടത്തുന്നതിനിടെ സുരക്ഷാസേനയ്ക്കുനേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്നുണ്ടായ ശക്തമായ പ്രത്യാക്രമണത്തിലാണ് ഒരു ഭീകരൻ കൊല്ലപ്പെട്ടത്. പ്രദേശത്ത് കൂടുതൽ ഭീകരർ ഉണ്ടോയെന്ന് അറിയാൻ തെരച്ചിൽ തുടരുകയാണെന്ന് സൈന്യം വ്യക്തമാക്കി




