തെരുവിന്റെ കാവൽ! മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമം; രക്ഷകരായി തെരുവുനായ്ക്കൾ

കോയമ്പത്തൂർ: തമിഴ്‌നാട് തുടിയലൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാനുള്ള ശ്രമം തടഞ്ഞ് തെരുവുനായ്ക്കൾ. തുടിയലൂർ റെയിൽവേ മേൽപ്പാലത്തിന് സമീപമാണ് സംഭവം. മേൽപ്പാലത്തിന് സമീപം റോഡരികിലിരുന്ന സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഗണേഷ് നഗർ സ്വദേശിയായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയാണ് ഉപദ്രവത്തിന് ഇരയായത്. ഈ സ്ത്രീയ്ക്കൊപ്പം എപ്പോഴും രണ്ട് തെരുവുനായ്ക്കൾ ഉണ്ടാകാറുണ്ടായിരുന്നു. അർധരാത്രിയിലാണ് പ്രതി സ്ത്രീയുടെ അടുത്തെത്തിയത്. ആദ്യം ഇയാൾ നായ്ക്കളെ ഓടിക്കാൻ ശ്രമിച്ചു. കല്ലെടുത്തെറിഞ്ഞ് ഇയാൾ നായ്ക്കളെ അവിടെനിന്ന് മാറ്റി. എന്നാൽ നായ്ക്കൾ കുറച്ചുമാറി നിന്ന് പ്രതിക്കുനേരെ കുരച്ചുകൊണ്ടിരുന്നു.
തുടർന്ന് പ്രതി സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിച്ചു. സ്ത്രീ സഹായത്തിനായി നിലവിളിച്ചെങ്കിലും അർധരാത്രിയായതിനാൽ ആളുകൾ ആരും ഉണ്ടായിരുന്നില്ല. ഈ സമയം നായ്ക്കളിലൊന്ന് കുരച്ചുകൊണ്ട് പ്രതിക്കുനേരെ കുതിച്ചെത്തി. അത് പ്രതിയുടെ കാലിൽ കടിച്ച് വലിച്ചു. പിന്നാലെ പ്രതി അവിടെനിന്ന് ഓടി രക്ഷപ്പെട്ടു. ഒരു നായ പ്രതിയെ ഓടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
മറ്റൊരു പരാതി അന്വേഷിക്കുന്നതിനിടെയാണ് സംഭവം പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. പരാതിയന്വേഷിത്തവേ പ്രദേശത്തെ കടയിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. ഈ പരിശോധനയിലാണ് പ്രതി സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിക്കുന്ന ദൃശ്യം കണ്ടത്. തുടർന്ന് സംഭവത്തിൽ അന്വേഷണം നടത്തിയ പോലീസ് പ്രതിയെ പിടികൂടി. ഇയാളുടെ പേരിൽ പോലീസ് കേസെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.




