ഭാര്യയെയും മൂന്ന് മക്കളെയും വെട്ടിക്കൊന്നു; അധ്യാപകൻ അറസ്റ്റിൽ

ദിസ്പൂർ: ആസമിലെ ധേമാജിയിൽ ഭാര്യയെയും മൂന്ന് മക്കളെയും വെട്ടിക്കൊന്നു. ഗംചുക് പ്രൈമറി സ്കൂളിലെ അധ്യാപകൻ ഫിറോസ് അലിയാണ് ഭാര്യ ചിനുവാര ബീഗം (33), മക്കളായ നെയ്ന അക്തർ (13), സഖിൽ അലി (എട്ട്), റിജിക (അഞ്ച്) എന്നിവരെ കൊലപ്പെടുത്തിയത്.ഉറങ്ങിക്കിടക്കുകയായിരുന്ന കുടുംബാംഗങ്ങളെ ഫിറോസ് വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. വിവരം അറിഞ്ഞ ഉടൻ തന്നെ നാട്ടുകാർ ഫിറോസിനെ പിടികൂടി പോസ്റ്റിൽ കെട്ടിയിട്ടു. പിന്നീട് പൊലിസെത്തി ഇയാളെ അറസ്റ്റ് ചെയ്തു.
സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്നാണ് ഇയാൾ കൊലപാതകം ചെയ്തത്. 10,000 രൂപ പ്രതിമാസ ശമ്പളം കൊണ്ട് കുടുംബം മുന്നോട്ട് കൊണ്ടുപോകാൻ തനിക്ക് കഴിയാത്ത അവസ്ഥയായിരുന്നുവെന്നു ഇയാൾ പൊലിസിനോട് പറഞ്ഞു.
പൊലിസും ഫോറൻസിക് സംഘവും സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.



