കൊച്ചിയിലെ രാസലഹരി വേട്ട: ‘ബോസ്’ വരുൺ ദേവ് റാക്കറ്റിനെ പൂട്ടാൻ എസ്ഐടി

കൊച്ചി: രാസലഹരി വേട്ടയ്ക്കിടെ പിടിയിലായ ഡ്രഗ് ഡീലർ വരുൺ ദേവിന്റെ റാക്കറ്റിനെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. എറണാകുളം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ 11 അംഗ എസ്ഐടിയാണ് എക്സൈസ് രൂപീകരിച്ചത്.ലഹരിക്കച്ചവടക്കാർക്കിടയിൽ ബോസ് എന്ന് അറിയപ്പെടുന്ന വരുൺ ദേവിന് രാഷ്ട്രീയ ബന്ധങ്ങളും ഉണ്ടെന്ന കണ്ടെത്തലിന് പിന്നാലെയാണ് എസ്ഐടി രൂപീകരിച്ചിരിക്കുന്നത്. പെൺകുട്ടികളെ ഉൾപ്പെടെ ഉപയോഗിച്ചാണ് വരുൺ ലഹരി വിൽപന നടത്തിയിരുന്നത്. വരുൺ ദേവിന്റെ സുഹൃത്തുക്കളിലേക്കും എക്സൈസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
കൊച്ചിയിലെ ആഡംബര ഹോട്ടലിൽ നിന്നും 49 ഗ്രാം എംഡിഎംഎയുമായി പറവൂർ മന്നം സ്വദേശി സിദ്ധിഖ്, പെൺസുഹൃത്ത് ഫിനല മരിയ ഡി റോസാരിയോ എന്നിവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെയാണ് കോട്ടയത്ത് നിന്നും ലഹരിയുമായി ഒരു വാഹനം എത്തുന്ന വിവരം എക്സൈസിന് ലഭിച്ചത്.
തുടർന്ന് ഓഗസ്റ്റ് 22ന് വൈറ്റിലയിൽ വച്ച് വരുൺ ദേവ്, കൂട്ടാളി തിരുവല്ല മുത്തൂർക്കരയിൽ മുളയ്ക്കൽ വീട്ടിൽ വിപിൻ എസ് കുമാർ എന്നിവരെ വാഹനം തടഞ്ഞു നിർത്തി പിടികൂടുകയായിരുന്നു. വാഹനത്തിൽ നിന്നും 281 ഗ്രാം എംഡിഎംഎയും 69,425 രൂപയും എക്സൈസ് പിടിച്ചെടുത്തിരുന്നു.
ഡൽഹി, ചണ്ഡിഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നാണ് വരുൺ കേരളത്തിലേക്ക് ലഹരി എത്തിച്ചിരുന്നത്. കൊച്ചിയിലെ വൈറ്റ് കോളർ ലഹരി പാർട്ടി കേസിൽ അറസ്റ്റിലായ കെവിൻ അടക്കമുള്ള വിതരണക്കാർക്ക് ലഹരി നൽകുന്നത് വരുൺ ദേവ് ആണ്.




