നേപ്പാൾ പ്രളയം; ബിഹാറിലേക്ക് ഒഴുകിയെത്തുന്ന മീനുകൾ കഴിക്കരുതെന്ന് മുന്നറിയിപ്പുമായി സർക്കാർ

പറ്റ്ന: നേപ്പാളിലുണ്ടായ പ്രളയത്തെ തുടർന്ന് ബിഹാറിലേക്ക് ഒഴുകിയെത്തുന്ന മീനുകൾ ഭക്ഷ്യയോഗ്യമല്ലെന്നും അവ കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുമെന്നും സർക്കാരിന്റെ മുന്നറിയിപ്പ്. സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നത് വരെ വെള്ളപ്പൊക്ക ജലത്തിൽനിന്നു മീൻ പിടിക്കുകയോ വിൽക്കുകയോ ചെയ്യരുതെന്ന് അധികൃതർ നിർദേശം നൽകി.നേപ്പാളിലെ പ്രളയത്തെത്തുടർന്ന് ത്രിഷൂലി നദിയിലെ വെള്ളം ഗണ്ഡക്, കോസി നദികൾ വഴി ബിഹാറിന്റെ വടക്കൻ മേഖലകളിലേക്ക് എത്തുകയാണ്. ജലനിരപ്പ് ഉയർന്നതോടെ പ്രളയബാധിത പ്രദേശങ്ങളിൽ അപൂർവ ഇനത്തിൽപ്പെട്ട മീനുകൾ കൂട്ടത്തോടെ എത്തിയിട്ടുണ്ട്. ഇവ ഭക്ഷിച്ചവരിൽ ചിലർക്ക് രോഗം ബാധച്ചിട്ടുണ്ട്.
വെള്ളപ്പൊക്കത്തിൽ കുളങ്ങൾ, നദികൾ, ജലസംഭരണികൾ എന്നിവിടങ്ങളിൽനിന്നു പുറത്തേക്ക് ഒഴുകിയെത്തുന്ന മീനുകൾ മലിനമായ ഓടകൾ, ചത്ത മൃഗങ്ങൾ തുടങ്ങിയവയുമായി നിരന്തരം സമ്പർക്കത്തിൽ വരുന്നു. ഇത്തരം മീനുകളിൽ ബാക്ടീരിയകൾ, വൈറസുകൾ, മാരകമായ മറ്റ് രോഗാണുക്കൾ, മലിനജലത്തിലെ വിഷാംശങ്ങൾ എന്നിവ അടിഞ്ഞുകൂടിയിട്ടുണ്ടാകാമെന്ന് അധികൃതർ അറിയിച്ചു. മീനുകൾ കഴിച്ച് എന്തെങ്കിലും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുന്നവർ ഉടൻതന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തെ സമീപിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.




