Uncategorized

മോദിയുടെ കള്ളം പറായാനുള്ള കഴിവ് ഒഴികെ മറ്റൊന്നും വളര്‍ന്നില്ല; GDP അവകാശവാദങ്ങള്‍ PR തന്ത്രമെന്ന് ഖര്‍ഗെ

ന്യൂഡല്‍ഹി: മോദിയുടെ സാമ്പത്തിക അവകാശവാദങ്ങള്‍ പി ആര്‍ തന്ത്രമാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ്. രാജ്യത്ത് തൊഴിലില്ലായ്മ കഴിഞ്ഞ 50 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വിമര്‍ശിച്ചു. 2026 ജൂലൈയിലെ കണക്കുകള്‍ പ്രകാരം 15 മുതല്‍ 29 വയസ്സുവരെയുള്ളവരില്‍ ആറില്‍ ഒരു യുവാവ് തൊഴില്‍രഹിതനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അവശ്യസാധനങ്ങള്‍ക്കും ഇന്ധനത്തിനും തീവിലയാണ്. വിലക്കയറ്റം 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യത്തെ സാമ്പത്തിക അസമത്വം ബ്രിട്ടീഷ് ഭരണത്തേക്കാള്‍ മോശമാണെന്നും ഒരു ശതമാനം അതിസമ്പന്നരുടെ കൈകളിലാണ് രാജ്യത്തിന്റെ 40 ശതമാനം സമ്പത്തെന്നും കോൺഗ്രസ് അധ്യക്ഷൻ വിശദീകരിച്ചു. 2014 മുതല്‍ മോദി സര്‍ക്കാര്‍ 16 ലക്ഷം കോടി രൂപയുടെ കോര്‍പ്പറേറ്റ് വായ്പകള്‍ എഴുതിത്തള്ളിയെന്നും ഖർഗെ ആരോപിച്ചു. ഏറ്റവും താഴെത്തട്ടിലുള്ള 50 ശതമാനം ജനങ്ങള്‍ ആകെ സമ്പത്തിന്റെ 15 ശതമാനം കൊണ്ട് മാത്രം ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ദരിദ്രരില്‍ നിന്ന് സമ്പന്നരിലേക്ക് ഏറ്റവും വലിയ തോതിലുള്ള സമ്പത്ത് കൈമാറ്റം സാധ്യമാക്കിയത് നിങ്ങളുടെ സര്‍ക്കാരാണെന്നായിരുന്നു കേന്ദ്രത്തിനെതിരായ അദ്ദേഹത്തിന്റെ രൂക്ഷ വിമര്‍ശനം. അനിയന്ത്രിതമായ ‘ക്രോണി ക്യാപിറ്റലിസം’ (അടുപ്പമുള്ള വ്യവസായികളെ സഹായിക്കുന്ന മുതലാളിത്തം) മാത്രമാണ് മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയമെന്നും അദ്ദേഹം ആരോപിച്ചു.

അംഗീകരിക്കപ്പെട്ട 22,006 കോടി രൂപയുടെ ക്ലെയിമുകള്‍ക്ക് പകരമായി വായ്പ നല്‍കിയവര്‍ക്ക് തിരിച്ചുപിടിക്കാനായത് വെറും 6.5 കോടി രൂപ മാത്രമാണ്. അതായത് 99.97 ശതമാനം തുകയും നഷ്ടമായെന്നും ഖര്‍ഗെ പറഞ്ഞു. മുന്‍ ബിജെപി എംപി സുഭാഷ് ചന്ദ്രയുടെ കടം എന്‍സിഎല്‍ടി ഇളവ് ചെയ്തതിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. മോദി തന്റെ ‘അടുപ്പക്കാരനായ ഒരു സുഹൃത്തിന്റെ’ വ്യക്തിഗത യാത്രാ ഏജന്റിനെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു അദാനിയുമായുള്ള പ്രധാനമന്ത്രിയുടെ അടുപ്പത്തില്‍ അദ്ദേഹത്തിന്റെ ഒളിയമ്പ്. സ്വര്‍ണം വാങ്ങരുതെന്നും വിദേശയാത്ര നടത്തരുതെന്നും ഇന്ത്യക്കാരോട് നിങ്ങള്‍ ആവര്‍ത്തിച്ച് ഉപദേശിക്കുന്നത് നിങ്ങളുടെ കള്ളം പറയാനുള്ള കഴിവ് ഒഴികെ മറ്റൊന്നും മാറിയിട്ടില്ലെന്ന വെളിപ്പെടുത്തലാണെന്നായിരുന്നു മോദിക്കെതിരെ ഖര്‍ഗെയുടെ രൂക്ഷ വിമര്‍ശനം.

ആഗോള അസ്ഥിരത, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ എന്നിവയ്ക്കിടയിലും രാജ്യം 7.8 ശതമാനം ജിഡിപി വളര്‍ച്ചാ നിരക്ക് കൈവരിച്ചെന്നായിരുന്നു പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നത്. ഇത് അഭിനന്ദനാര്‍ഹമാണെന്നും ഈ നേട്ടം അങ്ങേയറ്റം ശ്രദ്ധേയമാണെന്നും മോദി ഇന്നലെ ഇന്‍സ്റ്റഗ്രാം റീലിലൂടെ പ്രതികരിച്ചിരുന്നു. നിരാശയുടെ പ്രചാരണങ്ങളെ പുതിയ ജിഡിപി വളര്‍ച്ചാ നിരക്ക് തകര്‍ത്തെറിഞ്ഞുവെന്ന് പറഞ്ഞ പ്രധാനമന്ത്രി, ‘ജൂഠ് കി ഗൂഞ്ച്’ എന്ന് രാഹുല്‍ ഗാന്ധിയുടെ ‘ഛാത്രോം കി ഗൂഞ്ച്’ പ്രചരണത്തെയും പരിഹസിച്ചിരുന്നു. കള്ളം പറഞ്ഞവര്‍ക്കുള്ള മറുപടിയാണ് രാജ്യത്തിന്റെ വളര്‍ച്ചയെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആരോപണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button