Uncategorized

കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു; വിടപറഞ്ഞത് മൂവായിരത്തിലധികം പാട്ടുകള്‍ക്ക് ഈണമിട്ട സംഗീത സംവിധായകന്‍

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും സംഗീത സംവിധായകനുമായ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. അരീക്കോട്ടെ ഉള്ളിശ്ശേരിക്കുന്നിലെ വീട്ടില്‍ തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. പക്ഷാഘാതം ബാധിച്ച് രണ്ട് മാസത്തോളമായി ചികിത്സയിലായിരുന്നു. കിടപ്പിലാകുന്നതിന് രണ്ട് ദിവസം മുന്‍പും അബൂബക്കര്‍ പുതിയ പാട്ടിന് ഈണമിട്ടിരുന്നു. മൂവായിരത്തിലധികം പാട്ടുകള്‍ക്ക് അദ്ദേഹം ഈണമിട്ടിട്ടുണ്ട്.

ദേവരാജന്‍ മാസ്റ്ററുടെയും രവി ബോംബെയുടെയും പ്രിയപ്പെട്ട തബലിസ്റ്റ് കൂടിയായിരുന്നു അബൂബക്കര്‍. നടന്‍ മാമുക്കോയ അബൂബക്കറുടെ സഹപാഠിയായിരുന്നു. വിദ്യാര്‍ത്ഥികളായിരിക്കെ മാമുക്കോയ പറഞ്ഞതുകൊണ്ട് ടീച്ചര്‍ അബൂബക്കറെക്കൊണ്ട് പാടിച്ചിരുന്നു. ഇത് ബാബുരാജിന്റെ തബലിസ്റ്റായിരുന്ന ടി ഉസ്മാന്‍ കേള്‍ക്കാന്‍ ഇടയായി. അങ്ങനെ അബൂബക്കര്‍ ബാബുരാജിന്റെ ട്രൂപ്പിലേക്ക് എത്തപ്പെടുകയായിരുന്നു. ബാബുരാജിന്റെ ട്രൂപ്പിലൂടെയായിരുന്നു അബൂബക്കറുടെ സംഗീതലോകത്തെ അരങ്ങേറ്റം.

കെ ജെ യേശുദാസ്, കെ എസ് ചിത്ര, എം ജി ശ്രീകുമാര്‍, സുജാത, അഫ്‌സല്‍, ഷഹബാസ് അമന്‍ തുടങ്ങി മലയാളത്തിന്റെ പ്രമുഖ ഗായകരെല്ലാം അബൂബക്കറുടെ സംഗീതത്തില്‍ പാടിയിട്ടുണ്ട്. യേശുദാസ് പാടിയ ‘കരയാനും പറയാനും മനംതുറന്നിരിക്കാനും’, കെ എസ് ചിത്ര പാടിയ ‘യത്തീമിനതാണീ’ തുടങ്ങിയ ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റുകളാണ്. അവസാന നാളുകളില്‍ കുടുംബവും പ്രിയശിഷ്യരും മാത്രമായിരുന്നു അബൂബക്കറുടെ കൂട്ട്. കെ വി സുബൈദയാണ് ഭാര്യ. ഗുലാം അലി, പരേതനായ ഫയാസ്, റോഷ്‌നി, ഫെമിന, സജിന എന്നിവരാണ് മക്കള്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button