ഉത്തർപ്രദേശിൽ ഗായകന്റെ കൊലപാതകം: പ്രതികളായ രണ്ടുപേരെ ഏറ്റുമുട്ടലിലൂടെ പോലീസ് കൊലപ്പെടുത്തി

ലക്നോ: ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബാലിയാന്റെ കൊലപാതക കേസിലെ പ്രധാന പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പോലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തി. ഉത്തർപ്രദേശ് പോലീസും ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സും ചേർന്നാണ് ഗോഗി സംഘത്തിൽ ഉൾപ്പെടുന്നവരെന്ന് ആരോപിക്കപ്പെടുന്ന സുമിത്, മോഹിത് എന്നിവരെ കൊല്ലപ്പെടുത്തിയത്.പോലീസിന് നേരെ പ്രതികൾ വെടിയുതിർത്തതിനെ തുടർന്നാണ് ആക്രമണം ഉണ്ടായതെന്ന് ഷാംലി എസ്പി നരേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു. കൊലയാളി സംഘത്തിൽ ഉൾപ്പെട്ട മറ്റ് രണ്ടുപേർക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
ഈ മാസം 26-നാണ് ഉത്തർപ്രദേശിലെ ഷാംലിയിൽ അങ്കിത് ബാലിയാനെ കൊലപ്പെടുത്തിയത്. ജിമിൽനിന്ന് വ്യായാമം കഴിഞ്ഞ് ഇറങ്ങിവന്ന അങ്കിത് ബാലിയാനു നേരെ രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗ സംഘം വെടിയുതിർക്കുകയായിരുന്നു.




