യുപിയിൽ ബിജെപിയെ വീഴ്ത്താൻ മെഗാ സഖ്യം; കോൺഗ്രസും എസ്പിയും കൈകോർക്കുന്നു

ലക്നോ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കി കോൺഗ്രസും എസ്പിയും. സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പ്രമോദ് തിവാരി കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് എംഎൽഎ ആരാധന മിശ്രയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.ലക്നോവിൽ അടച്ചിട്ട മുറിയിൽ ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിലാണ് ഇരുനേതാക്കളും പങ്കെടുത്തത്. കോൺഗ്രസും എസ്പിയും സീറ്റ് വിഭജന ചർച്ചകൾക്ക് തുടക്കം കുറിക്കാനിരിക്കെയാണ് കൂടിക്കാഴ്ച നടന്നത്. 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ കോൺഗ്രസ്-എസ്പി സഖ്യം കൂടുതൽ ശക്തിപ്പെടുത്താനുള്ള നീക്കമായാണ് കൂടിക്കാഴ്ച വിലയിരുത്തപ്പെടുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതൽ പാർട്ടികളെ സഖ്യത്തിൽ ഉൾപ്പെടുത്താനും തീരുമാനമായി.
ഇതിനിടെ പുതുമുഖങ്ങളെ രംഗത്തിറക്കി ഭരണവിരുദ്ധ വികാരം മറികടന്ന് അധികാരം നിലനിർത്താനുള്ള നീക്കത്തിലാണ് ബിജെപി. ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ജനറൽ സെക്രട്ടറിമാരുമായി കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പിന് മുന്നോടിയായി സമാജ്വാദി പാർട്ടിക്കെതിരായ രാഷ്ട്രീയ ആക്രമണവും ബിജെപി ശക്തമാക്കിയിട്ടുണ്ട്.
അതേസമയം ജാതി സെൻസസിൽ ഒബിസിക്ക് പ്രത്യേക കോളം ഉൾപ്പെടുത്താത്തതിനെതിരെ കോൺഗ്രസ് രംഗത്തെത്തി. ഒബിസി പിന്നാക്ക വിഭാഗങ്ങളെ കേന്ദ്രസർക്കാർ വഞ്ചിച്ചെന്ന് എഐസിസി ഒബിസി വിഭാഗം ചെയർമാൻ അനിൽ ജയ്ഹിന്ദ് ആരോപിച്ചു. രണ്ടാം ഘട്ട ജാതി സെൻസസിൽ ഒബിസിക്ക് പ്രത്യേക കോളം ഉണ്ടാകുമെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ പുറത്തിറക്കിയ വിജ്ഞാപനത്തിൽ അത് ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് കോൺഗ്രസിന്റെ ആരോപണം. രാജ്യത്തെ ജനസംഖ്യയുടെ 52 ശതമാനത്തിലധികം വരുന്ന ഒബിസി-പിന്നാക്ക വിഭാഗങ്ങളോടുള്ള വഞ്ചനയാണിതെന്നും അനിൽ ജയ്ഹിന്ദ് പറഞ്ഞു.




