ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; നാല് പേർക്ക് പരിക്ക്, ഒമ്പത് ബൈക്കും രണ്ട് കാറും തകർത്തു

തിരുവനന്തപുരം: കൈലാത്ത്കോണം എൽപിഎസ് ജംഗ്ഷൻ പൗരാവലി നടത്തിയ ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം. സംഭവത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. അക്രമി സംഘം ഒമ്പത് ബൈക്കുകളും രണ്ട് കാറും പൂർണ്ണമായും തകർത്തു. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിക്കാണ് സംഭവങ്ങളുടെ തുടക്കം. നാലംഗ സംഘം എത്തി ഓണാഘോഷത്തിനിടയിൽ പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചു. കമ്മറ്റി അംഗങ്ങൾ അവരെ പിന്തിരിപ്പിച്ചു വിട്ടു. എന്നാൽ, 40 ഓളം വരുന്ന സംഘമായി വീണ്ടും 11 മണിയോടെ എത്തി പ്രദേശത്ത് വ്യാപക അക്രമം അഴിച്ചുവിടുകയായിരുന്നു.
അക്രമത്തിൽ രണ്ട് വീടുകൾക്ക് സാരമായ നാശനഷ്ടം ഉണ്ടായി. പ്രദേശത്തെ ലഹരി മാഫിയാണ് അക്രമത്തിന് പിന്നിൽ എന്ന് നാട്ടുകാർ ആരോപിച്ചു. ലഹരി വിരുദ്ധ പരിപാടികൾക്കെതിരെ മുൻനിരയിൽ നിന്ന് പ്രവർത്തിച്ചവരുടെ വീടുകൾക്ക് നേരെയാണ് അക്രമം നടന്നത്. അതിനാൽ ആസൂത്രിത അക്രമം ആയിരുന്നു നടന്നത് എന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ മംഗലപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഫോറൻസിക്, ഫിംഗർപ്രിൻ്റ് വിദഗ്ദ്ധർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.




