യുഎസിൽ ഇന്ത്യൻ യുവതിയുടെ കൊലപാതകം: എട്ടുമാസത്തിന് ശേഷം പ്രതി ആഗ്രയിൽനിന്ന് പിടിയിൽ

ന്യൂഡൽഹി: യുഎസിൽ ഇന്ത്യൻ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ഇന്ത്യയിൽ അറസ്റ്റിൽ. തെലങ്കാന സ്വദേശിനിയായ നികിത ഗോഡിശാല(27)യെ കൊലപ്പെടുത്തിയ കേസിലെ പ്രതി അർജുൻ ശർമ(26)യെയാണ് ആഗ്രയിൽനിന്ന് ഹൈദരാബാദ് പൊലീസ് പിടികൂടിയത്. അർജുൻ ശർമയ്ക്കെതിരേ നികിതയുടെ മാതാപിതാക്കൾ നൽകിയ വഞ്ചനാക്കേസിലാണ് അറസ്റ്റെന്ന് ഹൈദരാബാദ് പൊലീസ് അറിയിച്ചു. ആഗ്രയിലെ ഒരു ഫ്ളാറ്റിൽ ഒളിവിൽ കഴിയുന്നതിടെയാണ് ഇയാളെ പിടികൂടിയതെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ പുതുവത്സരത്തലേന്നാണ് യുഎസിൽ ഡേറ്റ അനലിസ്റ്റായ നികിത ഗോഡിശാല കൊല്ലപ്പെട്ടത്. കാണാതായ നികിതയെ പിന്നീട് ദിവസങ്ങൾക്ക് ശേഷം മെറിലാൻഡിലെ അർജുൻ ശർമയുടെ ഫ്ളാറ്റിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. അതേസമയം, അർജുൻ ശർമ സംഭവത്തിന് പിന്നാലെ യുഎസിൽനിന്ന് കടന്നുകളഞ്ഞിരുന്നു.
അർജുൻ ശർമ നികിതയുടെ മുൻ കാമുകനാണെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും ഒരുമിച്ചാണ് നേരത്തേ താമസിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. എന്നാൽ, അർജുൻ ശർമ നികിതയുടെ കാമുകൻ അല്ലായിരുന്നുവെന്നാണ് നിഖിതയുടെ ബന്ധുക്കൾ പറയുന്നത്. ഇരുവരും ഒരു അപ്പാർട്ട്മെന്റിൽ ഒരുമിച്ചായിരുന്നു താമസം. എന്നാൽ, നികിതയിൽനിന്ന് പണം വാങ്ങിയ അർജുൻ ശർമ പിന്നീട് ഇത് തിരിച്ചുനൽകാതെ പറ്റിച്ചെന്നും ബന്ധുക്കൾ പറഞ്ഞു




