അവധി ദിവസം ആർഎസ്എസിന്റെ റൂട്ട് മാർച്ചിൽ പങ്കെടുത്ത സർക്കാർ സ്കൂൾ അധ്യാപകർക്ക് സസ്പെൻഷൻ

യാദ്ഗിർ: ആർഎസ്എസിന്റെ റൂട്ട് മാർച്ചിൽ പങ്കെടുത്ത അധ്യാപകർക്ക് സസ്പെൻഷൻ. കർണാടകയിലെ യാദ്ഗിറിലാണ് സംഭവം. ഇത്തരം പരിപാടികളിലെ പങ്കാളിത്തത്തിൽ സർക്കാർ ചട്ടങ്ങൾ മറികടന്നതിനാണ് നടപടി.കർണാടക സിവിൽ സർവീസസ് (പെരുമാറ്റ) ചട്ടങ്ങൾ-2021 ലെ വ്യവസ്ഥകളുടെ പ്രാഥമിക ലംഘനമാണ് നടന്നിട്ടുള്ളതെന്നാണ് അധികൃതർ വിലയിരുത്തിയിട്ടുള്ളത്. ഹുണസഗിയിലെ ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിലെ അസിസ്റ്റന്റ് അധ്യാപകനായ ഗുരുരാജ് ജോഷി, സുരപൂർ താലൂക്കിലെ കുപ്പിയിലുള്ള ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ പ്രധാന അധ്യാപകനായ അണ്ണാ സാഹിബ് ദേശ്മുഖ് എന്നിവർക്കെതിരെയാണ് യാദ്ഗിർ സ്കൂൾ വിദ്യാഭ്യാസ ഉപഡയറക്ടർ ചന്നബസപ്പ മുധോൾ ഉത്തരവ് പുറപ്പെടുവിച്ചത്.
ആർഎസ്എസ് നടത്തിയ റൂട്ട് മാർച്ചിൽ ഭാഗമായത് ജോലിയിലെ വീഴ്ചയാണെന്നും കർണാടക സിവിൽ സർവീസസ് പെരുമാറ്റച്ചട്ടങ്ങളിലെ 3(1), 3(2), 3(3), 5(1), 7 എന്നീ വകുപ്പുകളുടെ ലംഘനമാണെന്നും സസ്‌പെൻഷൻ നടപടികളിൽ വ്യക്തമാക്കുന്നു. വിപൂർ ജില്ലയിലെ താലികോട്ടിയിൽ നടന്ന ആർഎസ്എസ് റൂട്ട് മാർച്ചിൽ ഗുരുരാജ് ജോഷി പങ്കെടുത്തതിന്റെ ചിത്രങ്ങൾ പ്രാദേശിക മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. പിന്നാലെ അംബേദ്കർ സ്വാഭിമാനി സേനയുടെ ജില്ലാ പ്രസിഡന്റ് ജുമണ്ണ ഗുഡിമാണി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ഈ പ്രോഗ്രാം പ്രവൃത്തിദിനമല്ലാത്ത ഞായറാഴ്ചയാണ് നടന്നതെന്നും ഇത് രാഷ്‌ട്രീയ പരിപാടിയല്ല, മറിച്ച് സാംസ്‌കാരിക പരിപാടിയാണെന്നുമായിരുന്നു ജോഷിയുടെ വിശദീകരണം. എന്നാൽ വിദ്യാഭ്യാസ വകുപ്പ് ഈ വിശദീകരണം തള്ളിക്കളയുകയും അന്വേഷണം തീരുന്നതുവരെ സസ്‌പെൻഡ് ചെയ്യുകയുമായിരുന്നു.
സസ്‌പെൻഷൻ നേരിടുന്ന ജീവനക്കാർക്ക് ഉപജീവനബത്ത ലഭിക്കുമെങ്കിലും അനുമതിയില്ലാതെ ആസ്ഥാനം വിട്ടുപോകാൻ കഴിയില്ല. സമാനമായ രീതിയിൽ ഹുണസഗിയിൽ നടന്ന റൂട്ട് മാർച്ചിൽ അണ്ണാ സാഹിബ് ദേശ്മുഖ് പങ്കെടുത്തതിനെതിരെയും ജുമണ്ണ ഗുഡിമാണി വിവരസാങ്കേതികവിദ്യ, ഗ്രാമവികസന വകുപ്പ് മന്ത്രി പ്രിയങ്ക് ഖാർഗെയ്ക്ക് പരാതി നൽകിയിരുന്നു. തുടർന്ന് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച ദേശ്മുഖും ഇത് പ്രവൃത്തിസമയത്തിന് പുറത്തുള്ള സാംസ്കാരിക പരിപാടിയാണെന്ന വിശദീകരണമാണ് നൽകിയത്. എന്നാൽ വകുപ്പ് ഈ വാദവും നിരസിച്ച് സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. സർക്കാർ ജീവനക്കാർ രാഷ്ട്രീയ പാർട്ടികളിലോ രാഷ്ട്രീയവുമായി ബന്ധപ്പെട്ട സംഘടനകളിലോ അംഗങ്ങളാകാനോ, അത്തരം പ്രസ്ഥാനങ്ങളുമായി സഹകരിക്കാനോ, പ്രക്ഷോഭങ്ങളിൽ പങ്കെടുക്കാനോ പാടില്ലെന്ന് രണ്ട് സസ്‌പെൻഷൻ ഉത്തരവുകളും വ്യക്തമാക്കുന്നത്.




