ഓണവിപണിയിൽ റിക്കാർഡ് നേട്ടവുമായി സപ്ലൈകോ; 35 ദിവസത്തിനിടെ 433 കോടിയുടെ വിൽപന

,തിരുവനന്തപുരം: ഓണക്കാലത്ത് വിപണിയിൽ റിക്കാർഡ് നേട്ടം കൈവരിച്ച് സപ്ലൈകോ. ജൂലൈ 22 മുതൽ ഉത്രാട ദിനമായ ഓഗസ്റ്റ് 25 വരെയുള്ള 35 ദിവസത്തിനിടെ 433.81 കോടി രൂപയുടെ വിറ്റുവരവാണ് സപ്ലൈകോ നേടിയത്. കഴിഞ്ഞ വർഷത്തെ 35 ദിവസത്തെ വിറ്റുവരവായ 385 കോടി രൂപയെ അപേക്ഷിച്ച് 48 കോടിയുടെ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്.
ഉത്രാട ദിനത്തിലാണ് ഏറ്റവും ഉയർന്ന പ്രതിദിന വിൽപന നടന്നത്; ഒറ്റദിവസം കൊണ്ട് 27.85 കോടി രൂപയുടെ സാധനങ്ങൾ വിറ്റുപോയി. ആകെ വിറ്റുവരവിൽ 155.39 കോടി രൂപ സബ്സിഡി സാധനങ്ങളിൽ നിന്നും 278.42 കോടി രൂപ സബ്സിഡിയിതര സാധനങ്ങളിൽ നിന്നുമാണ് ലഭിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 35 ശതമാനം വരെ വിലക്കുറവിലാണ് ഇത്തവണ സബ്സിഡി വെളിച്ചെണ്ണ വിതരണം ചെയ്തത്. ഈ കാലയളവിൽ 53.86 ലക്ഷം പേരാണ് സപ്ലൈകോ ഔട്ട്ലെറ്റുകളെ ആശ്രയിച്ചത്.
തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലെ മെഗാ ട്രേഡ് ഫെയറുകൾ ഉൾപ്പെടെയുള്ള ജില്ലാ ഓണം ഫെയറുകളിൽ നിന്ന് മാത്രം 5.33 കോടി രൂപ ലഭിച്ചു. ഇതിൽ തിരുവനന്തപുരം മെഗാ ഫെയറിൽ നിന്നുമാത്രം 94 ലക്ഷം രൂപയുടെ വിൽപനയാണ് നടന്നത്. പൊതുവിപണിയിൽ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ സപ്ലൈകോ ഇടപെടലുകൾ വലിയ പങ്കുവഹിച്ചതായാണ് വിലയിരുത്തൽ.



