Uncategorized

മാവിൽ പിടിച്ച് അത്ഭുത രക്ഷ; നേപ്പാൾ മിന്നൽ പ്രളയത്തിലെ ഭീതിജനകമായ ഓർമ്മകൾ പങ്കുവെച്ച് യുവാവ്

നേപ്പാളിൽ വൻ നാശം വിതച്ച മിന്നൽ പ്രളയത്തിൽ നിന്നും മരണമുഖത്തുനിന്നും അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ഭീതിജനകമായ ഓർമ്മകൾ പങ്കുവെച്ച് 24 കാരനായ ബിബേക് കുമാൽ. നേപ്പാൾ-തിബറ്റ് അതിർത്തിക്ക് സമീപമുള്ള ബിദൂറിൽ പുതിയ വീടിന്റെ ടോയ്‌ലറ്റ് കുഴി നിർമ്മിക്കുന്നതിനിടയിലാണ് ബിബേക് ദുരന്തത്തിൽപ്പെടുന്നത്.
കുഴിയിൽ പണി ചെയ്തുകൊണ്ടിരുന്നപ്പോൾ വിചിത്രവും ഭയപ്പെടുത്തുന്നതുമായ ശബ്ദം കേട്ടതായി ബിബേക് പറയുന്നു. കുഴിക്ക് മുകളിലുണ്ടായിരുന്ന സഹപ്രവർത്തകർ ഉച്ചത്തിൽ നിലവിളിച്ച് പുറത്തുകടക്കാൻ ആവശ്യപ്പെട്ടെങ്കിലും, ബിബേക് പുറത്തെത്തുമ്പോഴേക്കും അവർ ഓടി രക്ഷപ്പെട്ടിരുന്നു. തുടർന്ന് വലിയ ഭീതിയോടെ കണ്ടത് കൂറ്റൻ വെള്ളപ്പാച്ചിലും മണ്ണും കല്ലും ഇരച്ചെത്തുന്നതാണ്.

വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ ബിബേക്കിന് വഴിയരികിലെ ഒരു മാവാണ് രക്ഷയായത്. മാവിൽ വലിഞ്ഞുകയറി ശക്തമായി പിടിച്ച് നിന്നാണ് ജീവൻ നിലനിർത്തിയത്. മാവിൽ പിടിച്ച് നിൽക്കുമ്പോൾ തന്നെ താൻ പണിതിരുന്ന വീട് പ്രളയത്തിൽ ഇടിഞ്ഞുതാഴുന്നതും ബിബേക് കണ്ടു. പിന്നീട് പോലീസും രക്ഷാസേനയും എത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. കാഠ്മണ്ഡുവിലെ നാഷണൽ ട്രോമ സെന്ററിൽ ചികിത്സയിലാണ് ഇയാൾ ഇപ്പോൾ.

ബിബേക്കിന്റെ തൊട്ടടുത്ത കിടക്കയിൽ ചികിത്സയിലുള്ള 11 വയസ്സുകാരി റിഹാന ലാമിച്ഛാനയും മരണമുഖത്തുനിന്നാണ് തിരിച്ചെത്തിയത്. സ്‌കൂൾ അടച്ചതിനെ തുടർന്ന് വീട്ടിലേക്ക് മടങ്ങാൻ പുഴ മുറിച്ച് കടക്കുമ്പോഴാണ് റിഹാന പ്രളയത്തിൽ പെടുന്നത്. നെഞ്ചിലും കാലിലും പരിക്കേറ്റെങ്കിലും ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് റിഹാന.

അതേസമയം, നേപ്പാളിലുണ്ടായ ഈ വൻ ദുരന്തത്തിൽ മരണസംഖ്യ 165 കടന്നു. വിദേശികളടക്കം നൂറുകണക്കിന് ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. പ്രദേശത്ത് സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button