മറ്റൊരാളെ നിർത്തിയിരുന്നെങ്കിൽ ബേപ്പൂരും കിട്ടുമായിരുന്നു, തോൽവിക്ക് കാരണം സ്ഥാനാർത്ഥിത്വം

കോഴിക്കോട്: ബേപ്പൂരിലെ തോല്‍വിക്ക് കാരണം സ്ഥാനാര്‍ത്ഥിത്വമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്. ബേപ്പൂരില്‍ പി വി അന്‍വര്‍ വേണ്ടിയിരുന്നില്ല. ബേപ്പൂരില്‍ പരാജയപ്പെടുമെന്ന് താന്‍ ആദ്യം പറഞ്ഞിരുന്നു. മറ്റൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നെങ്കില്‍ ബേപ്പൂരും കിട്ടുമായിരുന്നു. മുഹമ്മദ് റിയാസിനെ പരാജയപ്പെടുത്താന്‍ സാധിക്കുമായിരുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. കഴിഞ്ഞ ദിവസം കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാറും ഇതേ അഭിപ്രായം പറഞ്ഞിരുന്നു. ഇതേ വേദിയില്‍വെച്ചായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന് പി വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രംഗത്തെത്തിയത്.
പേരാമ്പ്രയില്‍ യുഡിഎഫ് എംഎല്‍എമാര്‍ക്ക് ഒരുക്കിയ സ്വീകരണ ചടങ്ങിലായിരുന്നു പ്രവീണ്‍ കുമാര്‍ ബേപ്പൂരിലെ സ്ഥാനാര്‍ത്ഥിത്വം പിഴച്ചെന്ന് പറഞ്ഞത്. കോണി ചിഹ്നത്തിലോ കൈപ്പത്തി ചിഹ്നത്തിലോ സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നുവെങ്കില്‍ ജില്ലയിലെ മുഴുവന്‍ സീറ്റിലും ജയിക്കാമായിരുന്നുവെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയം പിഴച്ചില്ലായിരുന്നുവെങ്കില്‍ 13ല്‍ 13ഉം ജയിക്കുമായിരുന്നു എന്നുള്ള സത്യം ഇപ്പോള്‍ തിരിച്ചറിയുന്നുണ്ടെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞിരുന്നു.



