വ്യാപാര ചർച്ചകൾ പാളി; കാനഡയ്ക്ക് മേൽ 50 ശതമാനം തീരുവ പ്രഖ്യാപിച്ച് യുഎസ്; ഇനി ചർച്ചയ്ക്കില്ലെന്ന് മാർക്ക് കാർണി

വാഷിങ്ടൺ: യുഎസ് – കാനഡ വ്യാപാര കരാർ ചർച്ച പരാജയപ്പെട്ടതോടെ കനേഡിയൻ ഉൽപന്നങ്ങൾക്ക് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്താൻ യുഎസ്. വെള്ളിയാഴ്ച രാത്രി നടന്ന അന്തിമ ചർച്ചയാണ് തീരുമാനമാകാതെ പിരിഞ്ഞത്. ഇതിന് പിന്നാലെ കാനഡയിൽ നിന്നുള്ള ചില ഇറക്കുമതികൾക്ക് ശനിയാഴ്ച മുതൽ 50 ശതമാനം നികുതി ഏർപ്പെടുത്തുമെന്ന് യുഎസ് പ്രഖ്യാപിച്ചു. ശനിയാഴ്ച അർധരാത്രിക്ക് ശേഷം ഏകദേശം 20 ബില്യൺ ഡോളർ മൂല്യമുള്ള കനേഡിയൻ ഉൽപന്നങ്ങൾക്ക് മേൽ സെക്ഷൻ 338 താരിഫുകൾ പ്രാബല്യത്തിൽ വരുമെന്ന് ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു.
മൂന്ന് ദിവസമായി വാഷിങ്ടണിൽ നടന്ന യുഎസ് – കാനഡ ചർച്ചയാണ് തീരുമാനമാകാതെ പിരിഞ്ഞത്. യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീറും കാനഡയുടെ യുഎസ് വ്യാപാര മന്ത്രി ഡൊമിനിക് ലെബ്ലാങ്കും തമ്മിലായിരുന്നു ദീർഘമായ ചർച്ച നടന്നത്. താരിഫ് പ്രഖ്യാപനത്തിന് പിന്നാലെ യുഎസുമായുള്ള വ്യാപാര ചർച്ചകൾ താൽക്കാലികമായി നിർത്തിവെക്കുന്നതായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. പുതിയ താരിഫുകൾക്കെതിരെ കാനഡ ഡോളറിന് ഡോളർ എന്ന കണക്കിൽ തിരിച്ചടിക്കുമെന്നും മാർക്ക് കാർണി വ്യക്തമാക്കി. കാനഡയുടെ ചർച്ചാ പ്രതിനിധികളോട് യുഎസിൽനിന്ന് മടങ്ങാനും കനേഡിയൻ പ്രധാനമന്ത്രി നിർദേശം നൽകി.
യുഎസുമായുള്ള ചർച്ചയിൽ അവസാന നിമിഷം വരെ കാനഡയുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ആത്മാർത്ഥമായും കഠിനമായും പരിശ്രമിച്ചുവെന്ന് മാർക്ക് കാർണി പറഞ്ഞു. എന്നിരുന്നാലും അവസാന നിമിഷം യുഎസ് മുന്നോട്ടുവെച്ച നിബന്ധനകളിലെ മാറ്റങ്ങൾ അന്യായവും സാമ്പത്തികമായി ലാഭകരമല്ലാത്തതുമായിരുന്നു. കൂടാതെ അവ ഏതൊരു കരാറിന്റെയും വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതായിരുന്നുവെന്നും കനേഡിയൻ പ്രധാനമന്ത്രി കുറ്റപ്പെടുത്തി. കാനഡയിൽ നിന്നുള്ള സ്റ്റീൽ, തടി, വാഹനങ്ങൾ തുടങ്ങിയ ഇറക്കുമതികൾക്കാകും പുതിയ താരിഫ് ബാധകമാകുക. യുഎസ് നടപടി, കാനഡയുടെ തകർച്ചയിലായ സമ്പദ്വ്യവസ്ഥയെ വീണ്ടെടുക്കാനുള്ള ഭരണകൂട ശ്രമങ്ങൾക്ക് തിരിച്ചടിയായേക്കാം



