പ്രവാസി ക്ഷേമ പെൻഷൻ നൽകാതെ യുഡിഎഫ് സർക്കാർ; തിരുവോണ ദിനത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ കഞ്ഞി വെച്ച് പ്രതിഷേധിക്കുമെന്ന് കേരള പ്രവാസി സംഘം

ഓണമെത്തിയിട്ടും പ്രവാസി ക്ഷേമ പെൻഷൻ നൽകാതെ സംസ്ഥാന സർക്കാർ. സെക്രട്ടറിയേറ്റിനു മുന്നിൽ കഞ്ഞി വെച്ച് പ്രതിഷേധിക്കുമെന്ന് കേരള പ്രവാസി സംഘം. തിരുവോണ ദിനത്തിലാണ് പ്രതിഷേധം നടത്തുക. മൂന്നുമാസത്തെ പ്രവാസി ക്ഷേമപെൻഷൻ ആണ് യുഡിഎഫ് സർക്കാർ കുടിശ്ശിക വരുത്തിയിരിക്കുന്നത്. അടിയന്തരമായി പെൻഷൻ അനുവദിച്ചില്ലെങ്കിൽ സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ ആണ് സംഘടനയുടെ തീരുമാനം.
യുഡിഫ് സർക്കാരിന്റെ നയം ഇങ്ങനെയാണെങ്കിലും പ്രവർത്തി ഇപ്പോഴും 2011-16 കാലത്തെപോലെ തന്നെയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മൂന്നുമാസമായി പ്രവാസി ക്ഷേമ പെൻഷൻ മുടങ്ങിയിട്ട്. പെൻഷൻ അടിയന്തരമായി അനുവദിക്കണമെന്ന്ആവശ്യപ്പെട്ട് സംഘടനാ ഭാരവാഹികൾ ധനമന്ത്രി കൂടിയായ മുഖ്യമന്ത്രിയെ നേരിൽ കാണുകയും ഓഫീസിൽ കയറി ഇറങ്ങുകയും ചെയ്തു. പക്ഷേ ഒരു ഫലവും ഇതുവരെ ഉണ്ടായിട്ടില്ല. സർക്കാർ നയം ഇങ്ങനെ ആയതോടെ പ്രവാസികളുടെ ഓണം വെള്ളത്തിലായിരിക്കുകയാണ്. കുടുംബത്തിനൊപ്പം ഓണം ആഘോഷിക്കാനുള്ള പ്രവാസികളുടെ അവകാശത്തെയാണ് സർക്കാർ ഇപ്പോൾ നിഷേധിച്ചു കൊണ്ടിരിക്കുന്നത്.
യുഡിഫ് സർക്കാരിന്റെ ആദ്യ ഓണത്തിലാണ് പ്രവാസികൾ പെൻഷനായി ഇങ്ങനെ കാത്തിരിക്കേണ്ടി വരുന്നത്. പെൻഷൻ ലഭിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ പ്രതിഷേധം കടുപ്പിക്കാൻ ആണ് സംഘടനയുടെ തീരുമാനം. പെൻഷൻ അനുവദിക്കാത്തത്തിൽ പ്രതിഷേധിച്ചു നേരത്തെ സംഘടന സൂചന പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഒരു മാസം പോലും മുടക്കമില്ലാതെ നൽകിയ പെൻഷനാണ് യുഡിഎഫ് അധികാരത്തിൽ കയറിയ മൂന്നുമാസം കൊണ്ട് മുടങ്ങിയിരിക്കുന്നത്. പെൻഷൻ മുടങ്ങിയത് 96,000 കുടുംബങ്ങളെ ആണ് നേരിട്ട് ബാധിച്ചിരിക്കുന്നത്. കൂടാതെ കോൺഗ്രസ്, ലീഗ് തർക്കം കാരണം പുതിയ ഡയറക്ടർ ബോർഡും ഇതുവരെ രൂപീകരിച്ചിട്ടില്ല.




