ശുചിത്വ പ്രവർത്തനം കതിരൂരുകാർക്ക് മാതൃകമാത്രമല്ല, ജീവിത യാത്രയിൽ അർബുദരോഗം പിടിമുറുക്കിയവരെ ചേർത്തുപിടിക്കാനുള്ള വഴികൂടിയാണ്. പഞ്ചായത്തിലെ 8000 വീടുകളിൽനിന്നും 23 ശുചിത്വ വളന്റിയർമാർ പ്ലാസ്റ്റിക്, തുണി, ചെരുപ്പ്, ഇ മാലിന്യങ്ങൾ എന്നിവ ശേഖരിക്കുമ്പോൾ യൂസർ ഫീ ഇനത്തിൽ 50 രൂപ വീട്ടുകാരിൽനിന്നും ഈടാക്കുന്നുണ്ട്. ഈ തുകയുടെ പത്ത് ശതമാനം പ്രദേശത്തെ ക്യാൻസർ രോഗികൾക്കായി മാറ്റിവച്ച് ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാവുകയാണ് കതിരൂർ ജനത.
‘പ്ലാസ്റ്റിക് നൽകൂ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാവൂ’ എന്ന സന്ദേശവുമായാണ് ഹരിതകർമ സേന കൺസോർഷ്യം ക്യാൻസർ രോഗികൾക്കുള്ള ധനസഹായ പദ്ധതി ആവിഷ്ക്കരിച്ചത്. അംഗങ്ങൾക്ക് ലഭിക്കുന്ന വേതനത്തിന്റെ ഒരു വിഹിതം നീക്കിയാണ് രോഗികൾക്ക് തുക കണ്ടെത്തുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ക്യാൻസർ രോഗികളെ കണ്ടെത്തി നിശ്ചിത തുക പഞ്ചായത്ത് കെെമാറുകയാണ്.
തണലാണ്
ഈ സഹായം
രോഗം ബാധിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ചെറിയൊരു വിഹിതം നൽകി സഹായിക്കാൻ ഞങ്ങൾക്കും സാധിക്കുന്നുണ്ട് എന്നതാണ് ഏറ്റവും സന്തോഷം. യൂസർ ഫീ ഇനത്തിൽ ലഭിക്കുന്ന തുകയുടെ എൺപത് ശതമാനം വരുമാനമായി ലഭിക്കുന്നുണ്ട്.
23 അംഗങ്ങളാണ് പഞ്ചായത്ത് ഹരിതകർമ സേനയിലുള്ളത്. വലിയൊരു സഹായമാണ് ഹരിതകർമ സേന പ്രവർത്തനത്തിലൂടെ ലഭിക്കുന്നത്. പഞ്ചായത്ത് ഭരണസമിതിയുടെ അകമഴിഞ്ഞ സഹകരണവുമുണ്ട്.