Uncategorized

സിപിഐഎമ്മും കോണ്‍ഗ്രസും വിട്ടുനിന്നു; നാരങ്ങാനത്തെ ബിജെപി അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

പത്തനംതിട്ട: പത്തനംതിട്ട നാരങ്ങാനത്ത് കോണ്‍ഗ്രസ് പ്രതിനിധിയായ വൈസ് പ്രസിഡന്റിനെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. സിപിഐഎം, കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ടുനിന്നതോടെ ക്വാറം തികയാതെ വരികയായിരുന്നു. നേരത്തെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം രണ്ട് എല്‍ഡിഎഫ് അംഗങ്ങളുടെ പിന്തുണയോടെ പാസായതോടെയാണ് ബിജെപിക്ക് ഭരണം നഷ്ടമായത്.

പിന്നാലെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും കോണ്‍ഗ്രസിനെ പുറത്താക്കാന്‍ ബിജെപി അവിശ്വാസപ്രമേയം കൊണ്ടുവരികയായിരുന്നു. അതില്‍ നിന്നും കോണ്‍ഗ്രസും സിപിഐഎമ്മും വിട്ടുനിന്നതോടെ അവിശ്വാസം ചര്‍ച്ചയ്‌ക്കെടുക്കാന്‍ പോലും കഴിഞ്ഞില്ല.

ആകെ 14 അംഗങ്ങളുള്ള പഞ്ചായത്തില്‍ ബിജെപിക്കും യുഡിഎഫിനും ആറ് വീതം അംഗങ്ങളാണുള്ളത്. എല്‍ഡിഎഫിന് രണ്ട് അംഗങ്ങളുമുണ്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ആറ് വോട്ടുകള്‍ വീതം ലഭിച്ചതിനെ തുടര്‍ന്ന് നറുക്കെടുപ്പിലൂടെയായിരുന്നു ബിജെപിക്ക് ഭരണം ലഭിച്ചത്. സമാനരീതിയില്‍ വൈസ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിന് ലഭിക്കുകയായിരുന്നു.

പ്രസിഡന്റ് സ്ഥാനത്തേക്ക് അടുത്തയാഴ്ച വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. അന്ന് യുഡിഎഫ് മുന്നോട്ടുവെയ്ക്കുന്ന ആളെ എല്‍ഡിഎഫ് പിന്തുണയ്ക്കുമോയെന്നാണ് കണ്ടറിയേണ്ടത്. അല്ലാത്തപക്ഷം വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നറുക്കെടുപ്പ് വേണ്ടിവരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button