Uncategorized

വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് 12 വയസ്സുകാരന് നേരെ ബന്ധുക്കളുടെ ക്രൂരമർദ്ദനം

കുട്ടിയെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചു ക്രൂരപീഡനം; വാച്ച് പിന്നീട് വീട്ടിൽ നിന്ന് കണ്ടെത്തി സമഗ്രാന്വേഷണത്തിന് റൂറൽ എസ്പിക്ക് നിർദേശം

കോഴിക്കോട്: കൊടുവള്ളിയിൽ മോഷണം ആരോപിച്ച് പന്ത്രണ്ട് വയസ്സുകാരനെ പിതാവിന്റെ ബന്ധുക്കൾ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കർശന നടപടിക്ക് ഉത്തരവിട്ട് ചൈൽഡ് വെൽഫയർ കമ്മിറ്റി (സിഡബ്ല്യുസി). വീട്ടിലെ വാച്ച് മോഷ്ടിച്ചു എന്നാരോപിച്ചാണ് പിതാവിന്റെ സഹോദരനും കുടുംബവും ചേർന്ന് കുട്ടിയെ നിഷ്ഠൂരമായി ഉപദ്രവിച്ചത്.

ക്രൂരതയുടെ നാൾവഴി
ഓഗസ്റ്റ് 6 നാണ് കേസിനാസ്പദമായ സംഭവം തുടങ്ങുന്നത്. വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം അടച്ചിട്ട മുറിയിൽ കുട്ടിയുടെ കൈകാലുകൾ കൂട്ടിക്കെട്ടി അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദിച്ച് അവശനാക്കിയ ശേഷം കണ്ണിലും സ്വകാര്യ ഭാഗങ്ങളിലും മുളക് വെള്ളം ഒഴിച്ചു. ശരീരത്തിലെ മുറിവുകളിൽ മുളകുപൊടി പുരട്ടുകയും കാൽനഖത്തിൽ ഈർക്കിലും കൈനഖത്തിൽ ടൂത്ത് പിക്കും കുത്തിക്കയറ്റുകയും ചെയ്തുവെന്നാണ് കുട്ടിയുടെ പരാതിയിൽ പറയുന്നത്. എന്നാൽ, കുട്ടി മോഷ്ടിച്ചെന്ന് ഇവർ ആരോപിച്ച വാച്ച് പിന്നീട് വീട്ടിൽ നിന്ന് തന്നെ കണ്ടെത്തുകയും ചെയ്തു.

സാഹസികമായ രക്ഷപ്പെടൽ

ദിവസങ്ങളോളം നീണ്ട പീഡനത്തിനൊടുവിൽ, കെട്ടുകളുടെ മുറുക്കം അയഞ്ഞ തക്കം നോക്കി അർദ്ധരാത്രിയോടെ കുട്ടി മുറിയിൽ നിന്ന് പുറത്തു കടന്നു. ടെറസിനോട് ചേർന്നു നിന്ന കവുങ്ങിലൂടെ ഊർന്നിറങ്ങി റോഡിലെത്തിയ കുട്ടിയെ ഒരു വഴിയാത്രക്കാരനാണ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. എന്നാൽ വിവരമറിയിച്ചിട്ടും പൊലീസ് അടിയന്തരമായി തുടർനടപടികൾ സ്വീകരിച്ചില്ലെന്നും പരാതിയുണ്ട്.

സിഡബ്ല്യുസി ഇടപെടൽ

സംഭവത്തിന്റെ വിശദാംശങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറും സിഡബ്ല്യുസിയും അടിയന്തരമായി ഇടപെടുകയായിരുന്നു. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി പ്രതികൾക്കെതിരെ ഉടൻ നടപടിയെടുക്കാൻ റൂറൽ എസ്പിക്ക് സിഡബ്ല്യുസി നിർദേശം നൽകി. ശാരീരികമായും മാനസികമായും തളർന്ന കുട്ടിക്കും കുടുംബത്തിനും ആവശ്യമായ കൗൺസിലിംഗ് നൽകിയ ശേഷം കുട്ടിയെ ഇപ്പോൾ സുരക്ഷിതമായ ഒരു താൽക്കാലിക സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button