ഷിന്റോണിനെ കാണാതായി ഒമ്പത് ദിവസം; കൃത്യമായ മറുപടി നല്‍കാതെ കപ്പല്‍ കമ്പനി, ആശങ്കയോടെ കുടുംബം

കൊച്ചി: കപ്പലില്‍ നിന്നും കടലില്‍ കാണാതായ എറണാകുളം ചെറായി ഞാറയ്ക്കല്‍ സ്വദേശിയെ കുറിച്ച് വിവരങ്ങളൊന്നും ലഭിക്കാതില്‍ ആശങ്കയോടെ കുടുംബം. 24കാരനായ ഷിന്റോണ്‍ ബെന്നിയെയാണ് കാണാതായത്. മുംബൈ MOL കമ്പനിയിലെ ഡെക്ക് ഓഫീസര്‍ ട്രെയിനിയാണ് ഷിന്റോണ്‍. കമ്പനി ഇതുവരെയും വ്യക്തമായ ഒരു വിശദീകരണവും കുടുംബത്തിന് നല്‍കിയിട്ടില്ല. ഒമ്പത് ദിവസം മുമ്പ് രാത്രി 8.30ന് ഷിന്റോണ്‍ സഹോദരന്‍ ഷാരോണിനോട് സംസാരിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഷിന്റോണിനെ കാണാതായതായെന്ന് കുടുംബത്തിന് വിവരം ലഭിക്കുന്നത്. ടാര്‍ കയറ്റി സൗത്ത് ആഫ്രിക്കയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പോയ കപ്പലിലാണ് ഷിന്റോണ്‍ ജോലി ചെയ്തിരുന്നത്.
ഷിന്റോണിനെ കാണാതായി എന്ന വിവരം മാത്രമാണ് കുടുംബത്തിന് കമ്പനിയില്‍ നിന്നും ലഭിച്ചത്. മാതാപിതാക്കളും സഹോദരനും അടങ്ങുന്ന ഷിന്റോണിന്റെ കുടുംബം ബന്ധപ്പെടുമ്പോഴൊക്കെയും വ്യക്തമായ ഒരു മറുപടി നല്‍കാന്‍ കമ്പനി അധികൃതര്‍ തയ്യാറായിട്ടില്ല. ഷിന്റോണ്‍ കടലിലേക്ക് വീണിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് കമ്പനി പറയുന്നത്. എന്നാൽ പരിചയസമ്പന്നനായ ഷിന്റോണിന് അബദ്ധത്തില്‍ അപകടം സംഭവിക്കാന്‍ സാധ്യത കുറവാണെന്നാണ് കുടുംബം പറയുന്നത്. ജപ്പാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന MOL കമ്പനിയില്‍ ആറ് മാസം മുമ്പാണ് ഷിന്റോണ്‍ ജോലിക്ക് കയറിയത്.സംഭവത്തില്‍ ഹൈബി ഈഡന്‍ എംപിയും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ഇടപെട്ടിട്ടുണ്ട്. എന്നാല്‍ അന്വേഷണം തുടരുന്നു എന്നൊരു മറുപടി മാത്രമാണ് കഴിഞ്ഞദിവസം വരെയും MOL കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.
ഷിന്റോണിനെ കാണാതായ അന്നു തന്നെ അദ്ദേഹത്തിന്റെ മാതാവുമായി സംസാരിച്ചിരുന്നുവെന്ന് ഹൈബി ഈഡന്‍ എംപി പ്രതികരിച്ചു. മലയാളിയായ വ്യക്തിയാണ് ഷിന്റോണിന്റെ റിപ്പോര്‍ട്ടിങ് ഓഫീസര്‍. അദ്ദേഹവുമായി സംസാരിച്ചിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ വിദേശകാര്യ മന്ത്രാലയം, ഡയറക്ടര്‍ ജനറല്‍ ഒഫ് ഷിപ്പിങ്, കേന്ദ്ര തുറമുഖ മന്ത്രി എന്നിവരെ വിവരം അറിയിച്ചിരുന്നുവെന്നും ഹൈബി ഈഡന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കപ്പല്‍ സഞ്ചരിക്കുന്നതിനാല്‍ ഔദ്യോഗിക വിവരങ്ങള്‍ കുടുംബവുമായി മാത്രമാണ് കമ്പനി സംവദിക്കുന്നതെന്നും നിലവില്‍ ജപ്പാനിലെ ഒരു ഫ്‌ളോട്ടിങ് ദ്വീപിലാണ് കപ്പലുള്ളതെന്നാണ് വിവരമെന്നും എംപി പറഞ്ഞു. കേന്ദ്ര ഷിപ്പിങ് മന്ത്രിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റുമായി സംസാരിച്ച് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം ലഭ്യമാക്കാന്‍ കഴിയുന്ന രീതിയില്‍ ഉന്നതതലത്തില്‍ ഇടപെടല്‍ നടത്തിയിട്ടുണ്ട്. ജപ്പാനിലെ ടോക്കിയോയിലുള്ള ഇന്ത്യന്‍ എമ്പസിയിലെ കോണ്‍സുലര്‍ അറ്റാഷയെ തന്റെ ഓഫീസ് ബന്ധപ്പെട്ടിട്ടുണ്ടെന്നും ഹൈബി ഈഡന്‍ കൂട്ടിച്ചേർത്തു.




