താമിർ ജിഫ്രി കസ്റ്റഡി കൊലപാതകം; സീഷ്വർ മഹസർ വ്യാജം; സിസിടിവി ദൃശ്യങ്ങൾ മീഡിയവണിന്

മലപ്പുറം: താനൂർ താമിർ ജിഫ്രി കസ്റ്റഡി കൊലപാതകത്തിൽ ലഹരി കേസുമായി ബന്ധപ്പെട്ട് പൊലീസ് തയ്യാറാക്കിയ സ്വീഷർ മഹസർ വ്യാജമാണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ മീഡിയവണിന്.
മഹസറിൽ ഒപ്പിട്ട സിഐ കെ.ടി ശ്രീനിവാസൻ സംഭവസ്ഥലത്ത് ഉണ്ടായരുന്നില്ല.
താനൂർ ദേവതാർ പാലത്തിന് താഴെ വെച്ച് പുലർച്ചെ 1:40 നാണ് സ്വീഷർ മഹസർ തയ്യാറാക്കിയതെന്നാണ് രേഖ. രേഖകകൾ പ്രകാരം ഗസറ്റഡ് ഓഫീസറായി സ്വീഷർ മഹസറിൽ ഒപ്പ് വെച്ചത് അന്നത്തെ തിരൂരങ്ങാടി സിഐ കെ.ടി ശ്രീനിവാസനാണ്. എന്നാൽ പുലർച്ചെ 01.39 ന് ശ്രീനിവാസൻ താനൂർ പൊലീസ് സ്റ്റേഷനിൽ ആണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് മീഡിയവൺ പുറത്തുവിട്ടത്.
താമിർ ജിഫ്രിയെ അതിക്രൂരമായി മർദിച്ചാണ് പൊലീസ് കൊലപ്പെടുത്തിയതെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് നിയമസഭയിൽ തന്നെ മുഖ്യമന്ത്രി സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്.
ചേളാരിയിൽ നിന്ന് കഴിഞ്ഞ ജൂലൈ 31ന് രാത്രിയിലാണ് താമിർ ഉൾപ്പെടെയുള്ളവരെ പൊലീസ് പിടികൂടിയത്. ലഹരിമരുന്ന് കൈവശമുണ്ടെന്ന് സംശയിച്ച് പിടികൂടിയ താമിറിനെ പൊലീസ് ക്രൂരമായി മർദിച്ചെന്നും ആഗസ്റ്റ് ഒന്നിന് രാവിലെ കസ്റ്റഡിയിൽ മരിച്ചെന്നുമാണ് പരാതി.




