Uncategorized

സുകുമാരൻ നായർക്കെതിരെ വീണ്ടും ​ഗണേഷ് കുമാർ, തർക്കം മുറുകുന്നു

പത്തനാപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി മുൻമന്ത്രി കെ.ബി. ഗണേഷ് കുമാർ. സുകുമാരൻ നായർ കാണിക്കുന്ന മര്യാദകേട് ജനം അറിയണമെന്നും കേസ് കൊടുക്കാൻ താൻ ഇല്ലെന്നും ​ഗണേഷ് പറഞ്ഞു. മന്നത്ത് ആചാര്യൻ കേസും കൂട്ടമായി നടക്കരുതെന്ന് പറഞ്ഞിരുന്നു. താൻ അത് പാലിക്കുന്നുവെന്നും എൻഎസ്എസിനെ തകർക്കാൻ ശ്രമിക്കില്ലെന്നും ​ഗണേഷ് വ്യക്തമാക്കി. സുകുമാരൻ നായർക്ക് ഒപ്പം നിൽക്കാൻ അച്‌ഛൻ പറഞ്ഞു. താൻ നിന്നു. എന്നാൽ, രാത്രിയിൽ കമ്മിറ്റികൾ പിരിച്ചുവിടുന്നതിനെ എന്ത് പേര് വിളിക്കണമെന്നും ജനറൽ സെക്രട്ടറിയെ മാറ്റാൻ കഴിയുക സുകുമാരൻ നായരുടെ കരയോഗത്തിനാണെന്നും ആ കരാള ഹസ്തത്തിൽ നിന്ന് മോചനം ആഗ്രഹിക്കുന്നുവെന്നും ​ഗണേഷ് വ്യക്തമാക്കി. പത്തനാപുരത്തെ തോൽവിയിൽ സുകുമാരൻ നായരുടെ ഗൂഢാലോചനയുണ്ട്. തന്നെ കൊണ്ട് വാ തുറപ്പിക്കാതെ ഇരിക്കുന്നതാണ് അദ്ദേഹത്തിന് നല്ലത്.

മകളെ കുറിച്ചും മകനെ കുറിച്ചും കൊച്ചുമക്കളെ കുറിച്ചും പറയാനുണ്ടെന്നും എൻഎസ്എസ് വഴി കിട്ടിയ കാര്യങ്ങൾ സുകുമാരൻ നായരുടെ ഔദാര്യം അല്ല എന്ന് നായർ സമുദായ അംഗങ്ങൾ ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. കിട്ടുന്നത് കൊണ്ട് കഴിഞ്ഞു കൂടാം എന്ന് നായന്മാർ കരുതരുത്. ധനലക്ഷ്മി ബാങ്കിലെ രേഖകൾ എന്റെ കൈയിലുണ്ട്. ധനലക്ഷമി ബാങ്ക് പ്രശ്നത്തിൽ സുകുമാരൻ നായരെ രക്ഷിക്കാൻ പോയയാൾ ഇപ്പോൾ മറ്റൊരു കേസിൽ ജയിലിൽ കഴിയുന്നുവെന്നും ബദൽ സംഘടന ഉണ്ടാക്കില്ലെന്നും പോരാട്ടത്തിൽ ഒപ്പം ഉണ്ടാകുമെന്നും ​ഗണേഷ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button