ബംഗളൂരുവിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു; ലോറിയിടിച്ച് മലയാളി യുവതി മരിച്ചു

കോഴിക്കോട്: ബംഗളൂരുവിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞതിന് പിന്നാലെ ലോറിയിടിച്ച് മലയാളി യുവതി മരിച്ചു. കോഴിക്കോട് ബാലുശേരി അറപ്പിടിക ഖാദി റോഡ് കൊട്ടക്കാട്ട് വീട്ടിൽ റിട്ട. അധ്യാപകൻ പൃഥിരാജ് മുടക്കല്ലൂരിന്റെ മകൾ മേഥ പൃഥിരാജ് (30) ആണ് മരിച്ചത്.
ബംഗളൂരു എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓഫീസിലെ ജീവനക്കാരിയായ മേഥ ജോലിക്ക് പോകുന്നതിനിടെ ഇന്നലെ രാവിലെ ഒമ്പതിന് ഇലക്ട്രോണിക് സിറ്റിയിലായിരുന്നു അപകടം. സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് തെറിച്ചുവീണ മേഥയെ പിന്നാലെ വന്ന ലോറി ഇടിക്കുകയായിരുന്നു.
സംഭവസ്ഥലത്ത് വെച്ച് തന്നെ മേഥ മരിച്ചു. മൃതദേഹം സെന്റ് ജോൺസ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം നാളെ രാവിലെ 10ന് കൊട്ടക്കാട്ടെ വീട്ടുവളപ്പിൽ നടക്കും.
ഭർത്താവ്: എസ്. എൽ. ആകാശ്, ഐടി ജീവനക്കാരൻ, ബംഗളൂരു.
ഇലക്ട്രോണിക് സിറ്റി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.




