യുവാവിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ഫോൺ കവർന്ന് സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചു; പ്രതികൾ അറസ്റ്റിൽ

മലപ്പുറം: യുവാവിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ കവരുകയും ഫോണിലുണ്ടായിരുന്ന സ്വകാര്യ ഫോട്ടോകൾ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ പ്രതികൾ പിടിയിലായി. പരിയാപുരം മൂസാന്റെ പുരക്കൽ സാദിഖ് (32), പട്ടരുപറമ്പ് കെ. പുരം പാലേരി വീട്ടിൽ ഫാസിൽ (32) എന്നിവരെയാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 10-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലത്തിയൂരിലെ ക്ലബിൽ ഇരിക്കുകയായിരുന്ന യുവാവിനോട് സുഹൃത്തിനെ കാണിച്ചു കൊടുക്കാൻ പ്രതികൾ ആവശ്യപ്പെട്ടു. യുവാവ് ഫോണിൽ വിളിച്ചെങ്കിലും കിട്ടാതെ വന്നതോടെ പ്രതികൾ തോക്കുചൂണ്ടി മൊബൈൽ ഫോൺ പിടിച്ചു വാങ്ങുകയായിരുന്നു. തുടർന്ന് ഫോണിന്റെ നമ്പർ ലോക്ക് കൈക്കലാക്കിയ പ്രതികൾ പോലീസിൽ പരാതി കൊടുത്താൽ ‘പണിതരും’ എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇതിനുശേഷം ഫോണിലുണ്ടായിരുന്ന സ്വകാര്യ ഫോട്ടോകൾ യുവാവിന്റെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഇൻസ്റ്റഗ്രാം വഴി അയച്ചുകൊടുക്കുകയായിരുന്നു.
അറസ്റ്റിലായ സാദിഖിന്റെ പേരിൽ താനൂർ, പരപ്പനങ്ങാടി, തേഞ്ഞിപ്പലം എന്നീ സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്. ഇൻസ്പെക്ടർ അനിൽകുമാർ ടി. മേപ്പള്ളിയുടെ മേൽനോട്ടത്തിൽ എസ്.ഐമാരായ സുജിത്ത്, നസീർ, എ.എസ്.ഐ സനോജ്, എസ്.സി.പി.ഒമാരായ ഇന്ദ്രജിത്ത്, ഷെമിത്ത് ലാൽ, സി.പി.ഒമാരായ ടോണി, അനന്തു, ഷിൻസൺ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.




