ജെൻസികളെ കേൾക്കാൻ കോൺഗ്രസിനായോ എന്ന് പരിശോധിക്കണമെന്ന് ശശി തരൂർ എംപി, കോൺഗ്രസിൽ ചർച്ച

ദില്ലി: ജെൻസികളെ കേൾക്കാൻ കോൺഗ്രസിനായോ എന്ന് പരിശോധിക്കണം എന്ന് ശശി തരൂർ എംപി. സിജെപിക്ക് ജെൻസികളുടെ ശബ്ദമാകാൻ കഴിഞ്ഞുവെന്ന് തരൂർ അഭിപ്രായപ്പെട്ടത് ചർച്ചയാകുന്നതിനിടെയാണ് പുതിയ പരാമർശം. സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി ജെൻസികൾക്ക് വേണ്ടി സംസാരിക്കണമെനന് ആവശ്യപ്പെട്ട് സിജെപി രംഗത്ത് എത്തി.
സിജെപി സമരത്തിന് ശേഷം ജെൻസികളെ ലക്ഷ്യമിട്ട് വലിയ നീക്കങ്ങൾക്കാണ് ബിജെപി ഒരുങ്ങുന്നത്. കേന്ദ്ര മന്ത്രിമാരടക്കം ഇന്റാഗ്രാമിലടക്കം കൂടുതൽ സജീവമാകുകയാണ്. ബിജെപിക്ക് പുതിയ തലമുറയെ കേൾക്കുന്നതിൽ പോരായ്മ വന്നുഎന്നത് മനസിലാക്കിയാണ് പ്രധാനമന്ത്രിയടക്കം പുതിയ നീക്കങ്ങളുമായി രംഗത്ത് എത്തിയത്. ഇതിനിടെയാണ് ഈക്കാര്യത്തിൽ കോൺഗ്രസിന് വീഴ്ച്ച പറ്റിയെന്ന് ശശി തരൂർ വ്യക്തമാക്കുന്നത്. ജെൻസികളെ കേൾക്കാൻ കോൺഗ്രസിനായോ എന്ന് പരിശോധിക്കണം എന്നാണ് മുംബൈയിലെ സംവാദപരിപാടിയിൽ തരൂർ വ്യക്തമാക്കിയത്. കോൺഗ്രസിന് അവരുടെ വിഷയങ്ങൾ പ്രതിഫലിപ്പിക്കാൻ ആയില്ലെന്നും തരൂർ വിമർശിക്കുന്നു. രാഹുൽ ഗാന്ധിയും വിദ്യാർത്ഥികളുടെ വിഷയങ്ങൾ ഏറ്റെടുത്തിരുന്നു, എന്നാൽ സിജെപിയെ പോലെ ഫലപ്രദമായില്ലെന്നും തരൂർ പറഞ്ഞു.
യുവാക്കളെ കേട്ടില്ലെങ്കിൽ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ അപ്രസക്തമാകും എന്നും തരൂരിന്റെ അഭിപ്രായം കോൺഗ്രസിനുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുമെന്ന കാര്യം ഉറപ്പാണ്. ഇതിനിടെ സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി ജെൻസികൾക്ക് വേണ്ടി സംസാരിക്കണമെന്ന സിജെപിയുടെ ആവശ്യത്തിൽ വലിയ സ്വീകാര്യതയാണ ലഭിക്കുന്നത്. ഇതുവരെ ഓൺലൈനായി പെറ്റീഷനിൽ ഒപ്പിട്ടത് 33,716 പേരാണ്. എൻടിഎ പിരിച്ചുവിട്ട് സ്ഥിരം സംവിധാനമുള്ള ദേശീയ സാങ്കേതിക പരീക്ഷാ കമ്മീഷൻ രൂപീകരിക്കണമെന്ന് ആവശ്യവും സിജെപി കൂടുതൽ ശക്തമാക്കുകയാണ്.




