ട്രിച്ചിയിലേക്കുള്ള യാത്ര അവസാന നിമിഷം ഇടുക്കിയിലേക്ക് മാറ്റി; ജീവൻ കവർന്ന് അപ്രതീക്ഷിത അപകടം

കാഞ്ഞിരംകുളം: ജീവകാരുണ്യ പ്രവർത്തനങ്ങളുമായി സാമൂഹ്യരംഗത്ത് പ്രവർത്തിച്ച കാഞ്ഞിരംകുളം ചാണി കരുമരക്കാല ബഥേൽ എലീം ജെറിൻ ഏർണസ്റ്റിന്റെ വേർപാട് നാടിന് തീരാത്ത നഷ്ടമാണ് സമ്മാനിച്ചത്. ട്രിച്ചിയിലേക്കുള്ള യാത്രയാണ് അവസാന നിമിഷത്തിൽ കട്ടപ്പനയിലേക്ക് മാറ്റിയത്. ഭാര്യാപിതാവിന്റെ ബന്ധു ഉള്ളതിനാൽ അവിടെയെത്തി അവരെ കണ്ടശേഷം ട്രിച്ചിയിലേക്ക് പോകാമെന്ന് യാത്രക്കിടയിലാണ് തീരുമാനിച്ചത്. ആ യാത്രക്കിടയിലാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ പുഴയിലേക്ക് മറിഞ്ഞ് ജെറിൻ ഏർണസ്റ്റ് മരിച്ചത്. റിട്ട. റെയിൽവേ ഉദ്യോഗസ്ഥരായ ഭാനുമണിയുടെയും ഹെബ്സിബായിയുടെയും രണ്ടു മക്കളിൽ മൂത്തയാളാണ് ജെറിൻ ഏർണസ്റ്റ്.
ഇടുക്കി ജില്ലയിലെ ഉപ്പുതറ ചപ്പാത്ത് നാലാം മൈൽ എന്ന സ്ഥലത്തുള്ള പെരിയാർ നദിയിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ 6.30-മണിയോടെ ആയിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാർ ഉദ്ദേശം 60 അടി താഴ്ചയിലുള്ള നദിയിൽ വീണു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് ജെറിൻ ഏണസ്റ്റ് മരിച്ചത്. ജെറിന്റെ ഭാര്യ ദിവ്യയും ഏകമകൻ ജോഫാൻ ഇമ്മാനുവലും ദിവ്യയുടെ അനുജത്തി നവ്യയും ഭർത്താവ് അജിനും ഉൾപ്പെടുന്ന സംഘമാണ് യാത്ര ചെയ്തിരുന്നത്. ഗുരുതരമായി പരിക്കേറ്റ ദിവ്യ കോട്ടയം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ദിവ്യയുടെ തലയ്ക്കാണ് പരിക്ക്. മറ്റുള്ളവരുടെ പരിക്കുകൾ നിസ്സാരമാണെന്നും ബന്ധുക്കൾ പറഞ്ഞു.
കോട്ടയം ജനറൽ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം വെള്ളിയാഴ്ച രാത്രിയോടെ കാഞ്ഞിരംകുളം ചാണിയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും. അപകടസ്ഥലത്തെത്തിയ അഗ്നിരക്ഷാസേന സംഘത്തിലുണ്ടായിരുന്ന കാഞ്ഞിരംകുളം സ്വദേശി നോബിൾ കുട്ടൻ്റെ ഇടപെടലാണ് അപകടത്തിൽപ്പെട്ടവരെ വേഗത്തിൽ തിരിച്ചറിയാൻ സഹായിച്ചത്. കാറിലുണ്ടായിരുന്ന കാഞ്ഞിരംകുളത്തെ ബേക്കറിയുടെ കവർ ശ്രദ്ധയിൽപ്പെട്ട നോബിൾ നാട്ടിൽ ബന്ധപ്പെട്ട് വിവരങ്ങൾ തേടുകയായിരുന്നു. കട്ടപ്പന അഗ്നിരക്ഷാനിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസറാണ് നോബിൾ.
കാറിൽനിന്ന് യാത്രക്കാരെ രക്ഷിക്കാൻ ആദ്യം ഇറങ്ങിയത് നീന്തലറിയാത്ത അതിഥിതൊഴിലാളികൾ
ഏറമ്പടത്ത് ചിന്നാർപ്പുഴയിലേക്ക് കാർ മറിഞ്ഞപ്പോൾ ആദ്യം പുഴയിലേക്ക് ഇറങ്ങിയത് രണ്ട് അതിഥിത്തൊഴിലാളികളാണ്. നീന്തലറിയാത്ത അവർ സ്വന്തം ജീവൻ പണയംവെച്ച് പുഴയിലേക്ക് ഇറങ്ങി. പുഴയിൽ മുങ്ങിത്താഴ്ന്ന കുടുംബത്തിന് രക്ഷാകരം നീട്ടി. ഒഡിഷ സ്വദേശികളായ ബസു ടർക്കിയും ബസു ഓറമുമാണ് ആ സൂപ്പർ ഹീറോകൾ. അപകടം നടന്നതിന് തൊട്ടുമുകളിൽ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് പണിചെയ്യുന്നവരാണ്. കാർ പുഴയിലേക്ക് വീഴുന്നതുകണ്ട് സമീപവാസികളായ കുട്ടികൾ നിലവിളിക്കുന്നതുകേട്ടാണ് ഇവർ പുഴയരികിലേക്ക് ഓടിയെത്തുന്നത്. അപ്പോൾ കാർ ആഴങ്ങളിലേക്ക് മുങ്ങുകയായിരുന്നു. മഴ പെയ്തിരുന്നതിനാൽ പുഴയിൽ നല്ല ഒഴുക്കും. ചെങ്കുത്തായ അരികിലൂടെ പുഴയിലേക്ക് ഊർന്നിറങ്ങി.
ഒരാളെ പുറത്തെടുക്കുമ്പോൾ തന്നെ നാട്ടുകാർ ഓടിയെത്തി. തുടർന്ന് എല്ലാവരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. തങ്ങൾക്ക് ഈ ധൈര്യം എവിടെനിന്ന് കിട്ടിയെന്ന് ഈ ചെറുപ്പക്കാർക്ക് അറിയില്ല. ‘അവരെ രക്ഷിക്കണം, അത് മാത്രമായിരുന്നു ലക്ഷ്യം. നീന്തൽ അറിയില്ലെന്ന കാര്യം പോലും മറന്നുപോയി’. ഈ അതിഥിത്തൊഴിലാളികളുടെയും സംഭവം ആദ്യംകണ്ട കുട്ടികളായ ജോയലിന്റെയും മെഫിന്റെയും നാട്ടുകാരുടെയും സമയോചിത ഇടപെടലാണ് ദുരന്തത്തിൻ്റെ വ്യാപ്തി കുറച്ചത്.




