വിവരം നൽകിയാൽ 15 ലക്ഷം രൂപ പാരിതോഷികം; ലഷ്കർ ഇ തൊയ്ബ കമാൻഡർ ലത്തീഫ് ഭട്ടിനെ പിടികൂടാൻ സുരക്ഷാ സേന

ജമ്മു: ലഷ്കർ ഇ തൊയ്ബ കമാൻഡർ ലത്തീഫ് ഭട്ടിനായി ജമ്മു കശ്മീരിൽ തെരച്ചിൽ ഊർജിതം. ലത്തീഫ് ഭട്ടിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ജമ്മു കശ്മീർ പൊലീസ് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. തെക്കൻ കശ്മീരിലെ വിവിധ ജില്ലകളിലും ജമ്മുവിൻ്റെ ഭാഗങ്ങളിലും ലത്തീഫ് ഭട്ടിൻ്റെ ചിത്രങ്ങൾ പൊലീസ് പതിച്ചിട്ടുണ്ട്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസിനെ അറിയിക്കണമെന്നും വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമാക്കി സൂക്ഷിക്കുമെന്നും പൊലീസ് പൊതുജനങ്ങളോട് അറിയിച്ചു.
ജമ്മുവിൽ അടുത്തിടെ നടന്ന ആക്രമണങ്ങൾക്ക് പിന്നിൽ ലത്തീഫ് ഭട്ടാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഷോപ്പിയാനിൽ നടന്ന ഏറ്റുമുട്ടലിൽ ലത്തീഫ് ഭട്ടിനെയും മറ്റൊരു ലഷ്കർ കമാൻഡറായ സാക്കിർ ഗനായിയെയും സുരക്ഷാ സേന വളഞ്ഞിരുന്നു. അഞ്ച് ദിവസം നീണ്ട ഏറ്റുമുട്ടലിനൊടുവിൽ സാക്കിറിനെ സുരക്ഷാ സേനയ്ക്ക് വധിക്കാനായെങ്കിലും ലത്തീഫ് രക്ഷപ്പെട്ടു. ഇതിന് ശേഷം ജമ്മുവിൽ സുരക്ഷാ ഉദ്യോഗസ്ഥരെയും ഇതരസംസ്ഥാനക്കാരെയും ലക്ഷ്യംവെച്ചു നടത്തുന്ന ആസൂത്രിത കൊലപാതകങ്ങൾക്ക് പിന്നിൽ ലത്തീഫ് ഭട്ടാണെന്നാണ് ഏജൻസികൾ സംശയിക്കുന്നത്. അതിർത്തിയിലുടനീളമുള്ള ഹാൻഡ്ലർമാരുടെ നിർദേശപ്രകാരം, സ്ലീപ്പർ സെല്ലുകളെ ഉപയോഗിച്ചാണ് ലത്തീഫ് ഭട്ടിന് കൃത്യം നടത്തുന്നതെന്നാണ് കരുതുന്നത്.




