‘മീഡിയ പ്രൊപ്പഗാന്‍ഡ നടന്നോ എന്ന് സംശയം’; തോട്ടപ്പള്ളി മണൽ നീക്കൽ പ്രതിസന്ധിയിൽ മാധ്യമങ്ങൾക്കെതിരെ കളക്ടർ

ആലപ്പുഴ: തോട്ടപ്പള്ളി മണല്‍ നീക്കല്‍ പ്രതിസന്ധി വിവാദത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ ജില്ലാ കളക്ടര്‍ ഷാജി വി നായര്‍. മീഡിയ പ്രൊപ്പഗാന്‍ഡ നടന്നോ എന്ന് സംശയമുണ്ടെന്ന് കളക്ടര്‍ പറഞ്ഞു. പൊഴി നേരത്തെ മുറിച്ചിരുന്നുവെന്നും കൃത്യമായ നിരീക്ഷണവും ഏര്‍പ്പെടുത്തിയെന്നും കളക്ടര്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് കളക്ടറുടെ വിശദീകരണം. ഇല്ലെങ്കില്‍ ഇതിലും വലിയ വെള്ളപ്പൊക്കമുണ്ടായേനെ എന്നും ഷാജി വി നായര്‍ പറഞ്ഞു.
‘2018ന് ശേഷം ആദ്യമായാണ് കുട്ടനാട്ടില്‍ ഇത്രയും വലിയ വെള്ളപ്പൊക്കമുണ്ടാകുന്നത്. എന്‍എച്ച്എഐയുടെ താല്‍കാലിക പാലം പൊളിച്ചു മാറ്റാന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. എന്നിട്ടും ചെയ്തില്ല. കഴിഞ്ഞ ദിവസം ദുരന്ത നിവാരണ നിയമപ്രകാരം നോട്ടീസ് നല്‍കി. ഇന്നലെ രാവിലെ 10.30ന് പൊളിച്ചു മാറ്റാമെന്ന് എന്‍എച്ച്എഐ അറിയിച്ചു’, കളക്ടര്‍ പറഞ്ഞു.തോട്ടപ്പള്ളിയിലെ ജലത്തിന്റെ ഒഴുക്ക് കൃത്യമായി നോക്കുന്നുണ്ട്. ഒരു മീറ്ററാണ് നിലവില്‍ വെള്ളത്തിന്റെ അളവ്. 1.6 മീറ്ററിന് മുകളില്‍ വരുമ്പോഴാണ് ജാഗ്രത നല്‍കുന്നത്. മൂന്നോ നാലോ ദിവസം കൂടുമ്പോള്‍ ഇത് നിരീക്ഷിക്കാറുണ്ട്. പൊഴി മുറിക്കേണ്ട ആവശ്യം വരുമ്പോഴെല്ലാം മുറിക്കാറുണ്ട്. സമീപ ജില്ലകളിലെ വെള്ളം ഒഴുകി വരുന്നത് ഇവിടെയാണെന്നും നിലവില്‍ ആശങ്ക വേണ്ടെന്നും ഷാജി വി നായര്‍ കൂട്ടിച്ചേര്‍ത്തു.
ജില്ലയില്‍ വെള്ളപ്പൊക്കം രൂക്ഷമായതിന് കാരണം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളിയതാണെന്ന വാര്‍ത്ത റിപ്പോര്‍ട്ടര്‍ പുറത്ത് വിട്ടിരുന്നു. തോട്ടപ്പള്ളി പൊഴിയില്‍ ആഴം കൂട്ടിയിരുന്നില്ല. പൊഴിയിലെ മണല്‍ തിട്ടകള്‍ കൃത്യസമയത്ത് നീക്കിയില്ല. അതുകൊണ്ട് തന്നെ കടലിലേക്കുള്ള നീരൊഴുക്ക് വലിയ തോതില്‍ കുറഞ്ഞതാണ് ആലപ്പുഴയില്‍ വെള്ളപ്പൊക്കത്തിന് ഇടയാക്കിയതിന്റെ ഒരു കാരണം.മണല്‍ നീക്കാത്തതിനാല്‍ തന്നെ സ്പില്‍വേ ഷട്ടറുകളില്‍ മാലിന്യം അടിഞ്ഞ് ഒഴുക്ക് നിലച്ച സാഹചര്യവുമുണ്ടായിരുന്നു. മഴക്കാലത്തിന് മുമ്പ് തന്നെ തോട്ടപ്പള്ളിയിലെ മണല്‍ നീക്കം ചെയ്യണമെന്ന് 2018ലെ പ്രളയത്തിന് ശേഷം ഹൈക്കോടതി മുഖേന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. മഴക്കാലത്തിന് മുമ്പ് മണല്‍ നീക്കം ചെയ്തില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ചെന്നൈ ഐഐടി റിപ്പോര്‍ട്ടുമുണ്ടായിരുന്നു.




