Uncategorized

സംസ്ഥാനത്ത് വെള്ളപ്പൊക്കം തടയാനുള്ള പഠന റിപ്പോർട്ടുകൾ അവഗണിച്ചെന്ന് കണ്ടെത്തൽ; നിർദേശങ്ങൾ നടപ്പാക്കിയില്ല

കൊച്ചി: സംസ്ഥാനത്ത് വെള്ളപ്പൊക്കം തടയാനുള്ള പഠന റിപ്പോര്‍ട്ടുകള്‍ അവഗണിച്ചെന്ന് കണ്ടെത്തല്‍. കുഫോസും എംഎസ് സ്വാമിനാഥന്‍ ഫൗണ്ടേഷനും നടത്തിയ പഠനങ്ങള്‍ അവഗണിച്ചെന്നാണ് റിപ്പോര്‍ട്ട്. 2018ലെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ നിര്‍ദേശങ്ങള്‍ നടപ്പാക്കിയില്ലെന്നും കണ്ടെത്തലുണ്ട്.

വേമ്പനാട്ടുകായലിന്റെ സംഭരണശേഷി കുറഞ്ഞെന്നും റിപ്പോര്‍ട്ടിലുണ്ട്. കായലില്‍ എക്കലും മാലിന്യവും നിറഞ്ഞെന്നും കണ്ടെത്തിയിട്ടുണ്ട്. വേമ്പനാട്ട് കായലിന്റെ ആഴം ഘട്ടംഘട്ടമായി വര്‍ധിപ്പിക്കണമെന്ന് നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് നടപ്പാക്കിയിട്ടില്ല. പൊഴികളും കനാലുകളും അടഞ്ഞതും പ്രതിസന്ധി രൂക്ഷമാക്കി. പെരിയാറിന്റെ ആഴം എട്ടു മീറ്ററില്‍ നിന്ന് 4 മീറ്റര്‍ ആയി കുറഞ്ഞെന്നാണ് കണ്ടെത്തല്‍. പമ്പാനദിയിലും ചെളിയടിഞ്ഞിട്ടുണ്ട്. അന്ധകാരനഴിയും ചെറു തോടുകളും വൃത്തിയാക്കിയില്ലെന്നും പരാതിയുണ്ട്.

അതുപോലെ തന്നെ പാടശേഖരങ്ങളില്‍ കോണ്‍ക്രീറ്റ് ബണ്ട് നിര്‍മ്മിച്ചതും പ്രതിസന്ധി വര്‍ധിപ്പിച്ചു. പാടശേഖരങ്ങളില്‍ ഇതുകാരണം മടവീഴ്ച സംഭവിക്കുന്നില്ല. പമ്പ, മണിമല, അച്ചന്‍കോവില്‍ ആറുകളിലെ വെള്ളം പ്രധാനമായും കടലിലേക്ക് ഒഴുകി പോകുന്നത് തോട്ടപ്പള്ളി വഴിയാണ്. തോട്ടപ്പള്ളിയിലും ഗുരുതര പ്രശ്‌നമാണ് ഇപ്പോള്‍ നേരിടുന്നത്. നാലര മീറ്റര്‍ ഉയരം വേണ്ട ഷട്ടറിന് 2.03 മീറ്റര്‍ മാത്രമാണ് ഉയരം. 1800 ക്യൂബിക് മീറ്റര്‍ വെള്ളം പുറംതള്ളേണ്ടതിന് പകരം പുറത്ത് പോകുന്നത് 630 ക്യൂബിക് മീറ്റര്‍ മാത്രമാണ്.

വെള്ളം ഒഴുകി പോകാത്തത് ഗുരുതര പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. വേമ്പനാട്ടുകായലിന്റെയും പാടശേഖരങ്ങളുടെയും ജല സംഭരണ ശേഷി കുറഞ്ഞതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്നും വിലയിരുത്തലുണ്ട്. മാലിന്യങ്ങളും എക്കലും നീക്കം ചെയ്ത് ആഴം കൂട്ടി പ്രതിസന്ധി പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്നതും സ്ഥിതി ഗുരുതരമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button