Uncategorized

ആസൂത്രണ ബോർഡ് പരീക്ഷാ വിവാദം: രാഷ്ട്രീയ സ്വാധീനമില്ല, ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: ഒന്നാം റാങ്കുകാരന്‍

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട് ആരോപണങ്ങൾ പൂർണമായും നിഷേധിച്ച് ഒന്നാം റാങ്കുകാരൻ അരുൺ ജെ പ്രതാപ്. 10 ചോദ്യങ്ങൾ മൂല്യനിർണയം ചെയ്തിട്ടില്ലെന്ന വിവരം അറിയുന്നത് വാർത്തകളിലൂടെയാണ്. ഒന്നാം റാങ്ക് നേടിയത് രാഷ്ട്രീയ സ്വാധീനത്തിലൂടെയല്ലെന്നും അരുണ്‍ ന്യൂസ് മലയാളത്തോട് വ്യക്തമാക്കി.

കെ.ജി.ഒ.എ നേതാവാണെന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് അരുണ്‍ പറഞ്ഞു. റാങ്ക് പട്ടികയിൽ ഇടംപിടിച്ചത് സാധാരണ ഉദ്യോഗാർഥിയായാണ്. പിഎസ്‌സി ബോർഡ് അംഗങ്ങളുമായോ മറ്റ് ഉദ്യോഗസ്ഥരുമായോ യാതൊരുവിധ വ്യക്തിപരമായ ബന്ധങ്ങളുമില്ല. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് എസ്ഐടിയും ആഭ്യന്തരവിജിലന്‍സും ചോദ്യം ചെയ്തെന്നും അരുൺ വ്യക്തമാക്കി.

ആസൂത്രണ ബോർഡിലെ ചീഫ് ഇൻഡസ്ട്രി & ഇൻഫ്രാസ്ട്രക്ചർ, ചീഫ് പ്ലാൻ കോ-ഓർഡിനേഷൻ ഡിവിഷൻ തസ്തികകളിലാണ് ക്രമക്കേട് ആരോപണം. പരീക്ഷയെഴുതിയ 228 ഉദ്യോഗാർഥികളുടെ 10 ഉത്തരങ്ങൾ മൂല്യനിർണയം നടത്തിയില്ല. ഓൺ സ്ക്രീൻ മാർക്കിങ്ങിൽ 9 മുതൽ 18 വരെയുള്ള ചോദ്യങ്ങള്‍ ഒഴിവാക്കി. ഉദ്യോഗാർഥികളുടെ മാർക്ക് ലിസ്റ്റ് മൂന്ന് വർഷം കഴിഞ്ഞിട്ടും പ്രസിദ്ധീകരിച്ചില്ല. ഉദ്യോഗാർഥികൾ അപേക്ഷിച്ചിട്ടും കഴിഞ്ഞ ഒരു വർഷമായി ഉത്തരക്കടലാസുകൾ കൈമാറിയില്ല. മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് മുൻപ് തന്നെ നിയമന ശുപാർശ നൽകി. സംഘടനാ നേതാവിന് ഒന്നാം റാങ്ക് നൽകാൻ അട്ടിമറി നടന്നെന്നും ഉദ്യോഗാർഥികൾ ആരോപണമുയർത്തിയിരുന്നു.

സംഭവം വിവാദമായതോടെയാണ് പ്രത്യേക സംഘത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നത്. പരീക്ഷാ ക്രമക്കേടിൽ പിഎസ്‍സി ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. വിശദമായ ചോദ്യം ചെയ്യലിനു പിന്നാലെ അറസ്റ്റിലേക്ക് കടക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. പരീക്ഷാ വിഭാഗത്തിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലുകളില്‍ എസ്ഐടി സംശയം ഉന്നയിക്കുന്നുണ്ട്. പിഎസ്‌സി ചെയര്‍മാനും അംഗങ്ങളും സംശയനിഴലിലാണ്. ഉത്തരക്കടലാസുകൾ പരിശോധിച്ച് ഓൺ സ്ക്രീൻ മാർക്കിങ്ങിന്റെ ലോഗിൻ വിവരങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പിഎസ്‌സി സെക്രട്ടറിക്ക് എസ്ഐടി മേധാവി കത്ത് നൽകിയിട്ടുണ്ട്. പിഎസ്‌സിക്കെതിരായ പരാതികളിൽ അന്വേഷണസംഘം വിപുലീകരിക്കാനാണ് തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button