ശബരിമലയിലെ മില്‍മയുടെ വ്യാജ നെയ്യ് വില്‍പന: അന്വേഷണ ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: ശബരിമലയിലെ മില്‍മയുടെ വ്യാജ നെയ്യ് വില്‍പനയില്‍ അന്വേഷണ ഉത്തരവ് പുറത്തിറങ്ങി. ദേവസ്വം സെക്രട്ടറിക്കാണ് അന്വേഷണ ചുമതല. ശബരിമലയിലേക്ക് മില്‍മ നല്‍കിയ നെയ്യ് നിലവാരം ഇല്ലാത്തതാണോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ വിധേയമാക്കാന്‍ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.
വ്യാജ നെയ്യ് വില്‍പനയില്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കാൻ തീരുമാനിച്ചിരുന്നു. മില്‍മ ജീവനക്കാരെ ഉദ്യോഗസ്ഥര്‍ സഹായിച്ചുവെന്നാണ് പ്രാഥമിക നിഗമനം.
പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് നെയ്യ് പരിശോധനയില്ലാതെ കടത്തിവിട്ടെന്നും വിമര്‍ശനമുയർന്നിരുന്നു. അന്വേഷണത്തിനായി ദേവസ്വം മന്ത്രിക്ക് കത്ത് നല്‍കുമെന്ന് ക്ഷീരവകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞിരുന്നു. ഉദ്യോഗസ്ഥരുടെ ഇടപെടല്‍ അന്വേഷിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാറും വ്യക്തമാക്കിയിരുന്നു.
ശബരിമലയിലേയ്ക്കുള്ള മില്‍മയുടെ നെയ്യ് വിതരണത്തില്‍ ഗുരുതര ക്രമക്കേട് നടന്നതായി ക്ഷീരവികസന വകുപ്പ് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ഒന്നര ലക്ഷം ലിറ്ററിലധികം നിലവാരമില്ലാത്ത നെയ്യ് സന്നിധാനത്ത് എത്തിയതായും ഇതിലൂടെ മില്‍മയ്ക്ക് 85 ലക്ഷം രൂപയ്ക്കുമേല്‍ നഷ്ടമുണ്ടായതായുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.




