Uncategorized

സിപിഐഎമ്മില്‍ വീണ്ടും ഫണ്ട് വിവാദം; കണ്ണൂരില്‍ ലോക്കല്‍ സെക്രട്ടറിയെ മാറ്റി

പയ്യന്നൂരിനു പിന്നാലെ കണ്ണൂർ സിപിഐഎമ്മിൽ വീണ്ടും സാമ്പത്തിക തിരിമറി ആരോപണം. കണ്ണൂർ ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ ഓഫീസ് നിർമാണവുമായി ബന്ധപ്പെട്ടാണ് പരാതി. പരാതിയിലെ പ്രാഥമിക അന്വേഷണത്തിനു പിന്നാലെ ലോക്കൽ സെക്രട്ടറി ഇ. രമേശനെ സ്ഥാനത്തു നിന്നു മാറ്റി. ഏരിയ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

കോടിയേരി ബാലകൃഷ്ണന്റെ പേരിൽ നിർമിക്കുന്ന ലോക്കൽ കമ്മിറ്റി ഓഫീസുമായി ബന്ധപ്പെട്ടാണ് പരാതി. ഓഫീസ് നിർമിക്കാൻ പഴയ വീടും സ്ഥലവും വാങ്ങുകയും നിർമാണത്തിനായി പണം പിരിക്കുകയും ചെയ്തിട്ടും ഓഫീസ് നിർമാണം പൂർത്തിയാക്കുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേടും വീഴ്ചയും കണ്ടെത്തി എന്നാണ് വിവരം. ഫെസ്റ്റ് സംഘടിപ്പിച്ചും സമ്മാന കൂപ്പണുകൾ ഇറക്കിയും പണം സമാഹരിച്ചതിന് പുറമേ സഹകരണ ജീവനക്കാരിൽ നിന്നും സംഭാവനയും സ്വീകരിച്ചിരുന്നു. സംഭവത്തിൽ സിപിഐഎം അന്വേഷണ കമ്മീഷനെ നിയോഗിക്കും എന്നാണ് വിവരം.

2023-ലാണ് കോടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിരം നിർമിക്കുന്നതിനായി കണ്ണൂർ തെക്കി ബസാറിൽ പഴയ കെട്ടിടവും സ്ഥലവും വാങ്ങിയത്. എന്നാല്‍ ധന സമാഹരണം സംബന്ധിച്ച കൃത്യമായ കണക്കുകൾ കമ്മിറ്റിയിൽ അവതരിപ്പിച്ചില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു. അതേസമയം, ക്രമക്കേടുകള്‍ നടന്നിട്ടില്ലെന്നും അന്വേഷണം നേരിടാന്‍ തയ്യാറാണെന്നുമാണ് രമേശന്റ പ്രതികരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button