Uncategorized

ബാങ്ക് ഉദ്യോഗസ്ഥ‌ർ ഇനി പൊലീസ് ആസ്ഥാനത്ത്; സൈബർ മാഫിയയെ കുടുക്കും, പദ്ധതിയുമായി പൊലീസ്

തിരുവനന്തപുരം സൈബർ

പണത്തട്ടിപ്പു മാഫിയയെ കുടുക്കാൻ ബാങ്കുകളുമായി സഹകരിച്ചു തന്ത്രപ്രധാന നീക്കവുമായി കേരളാ പൊലീസ്. പ്രധാനപ്പെട്ട ബാങ്കുകളുടെ ഇന്റലിജൻസ് വിഭാഗത്തിൽനിന്ന് ഒരു ഉദ്യോഗസ്ഥനെ ഇനി മുതൽ പൊലീസ് ആസ്ഥാനത്തു നിയോഗിക്കും. ഇവർക്ക് പ്രവർത്തിക്കാനായി വിപുലമായ സൗകര്യമാണ് പൊലീസ് ആസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.

ഇതോടെ, തട്ടിപ്പു ശ്രദ്ധയിൽപെട്ടാൽ അപ്പോൾ തന്നെ വിവരം പൊലീസ് ആസ്ഥാനത്തുള്ള ബാങ്ക് ഉദ്യോഗസ്ഥനെ അറിയിച്ച് ഉടൻ നടപടിയിലേക്കു കടക്കാൻ കഴിയും. ആദ്യമായാണ് ബാങ്കുകളുടെ ഉദ്യോഗസ്ഥരെ പൊലീസ് ആസ്ഥാനത്ത് നിയോഗിക്കുന്നത്.

ഇക്കാര്യം ചർച്ച ചെയ്യാനായി പ്രധാനപ്പെട്ട ബാങ്കുകളുടെ മേധാവിമാരുമായി സംസ്ഥാന പൊലീസ് മേധാവി ഉൾപ്പെടെ ഇന്നു പൊലീസ് ആസ്‌ഥാനത്ത് കൂടിക്കാഴ്ച നടത്തും. സൈബർ ഓപ്പറേഷൻസ് എസ്.പി. അങ്കിത് അശോകും പങ്കെടുക്കും.

ബാങ്കുകളുടെ ഉദ്യോഗസ്ഥർ പൊലീസ് ആസ്‌ഥാനത്തു തന്നെ പ്രവർത്തിക്കാൻ തുടങ്ങുന്നതോടെ അതിവേഗം സൈബർ തട്ടിപ്പുകളുടെ വിവരങ്ങൾ കൈമാറി നടപടിയെടുക്കാൻ കഴിയുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

നിലവിൽ, സൈബർ തട്ടിപ്പു സംഘങ്ങൾ ഇരകളുടെ അക്കൗണ്ടിൽനിന്നു പണം തട്ടിയെടുത്ത് ഏറെ സമയത്തിനു ശേഷം മാത്രമാണ് ബാങ്കുകളിൽ വിവരം ലഭിക്കുന്നത്. ഈ കാലതാമസം മൂലം പല കേസുകളിലും പണം വീണ്ടെടുക്കാൻ കഴിയാറില്ല.
അതൊഴിവാക്കാനുള്ള ആലോചനകളുടെ ഭാഗമായാണ് ബാങ്ക് ഉദ്യോഗസ്‌ഥരെ പൊലീസ് ആസ്ഥാനത്തേക്ക് എത്തിക്കാനുള്ള തീരുമാനം ഉണ്ടായത്. സൈബർ തട്ടിപ്പുകൾ ഫലപ്രദമായി തടയാൻ സൈ-ഹണ്ട് പദ്ധതിയും ഉടൻ ആരംഭിക്കും. സംസ്‌ഥാനത്തുനിന്നു കോടിക്കണക്കിനു രൂപയാണ് സൈബർ തട്ടിപ്പു സംഘങ്ങൾ തട്ടിയെടുക്കുന്നത്. തൂഫാൻ മാതൃകയിൽ അതിശക്ത‌മായ നടപടിയാണ് സൈ-ഹണ്ടിലൂടെ പൊലീസ് ലക്ഷ്യമിടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button